സ്വന്തം കുട്ടിക്ക് വേണ്ടിയുള്ള അവകാശവാദത്തില്‍ നിന്ന് ഷെറിന്‍റെ രക്ഷിതാക്കള്‍ പിന്‍മാറി

ഹൂസ്റ്റണ്‍: യുഎസിലെ ടെക്‌സാസിലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്റെ വളര്‍ത്തച്ഛനും വളര്‍ത്തമ്മയും സ്വന്തം കുട്ടിക്ക് വേണ്ടിയുള്ള അവകാശം വാദം ഉപേക്ഷിച്ചു. കുട്ടിയെ കാണാനുള്ള അവകാശം കോടതി ഇവര്‍ക്ക് നിഷേധിച്ചിരുന്നു. തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് അവകാശ വാദം ഉപേക്ഷിക്കുകയാണെന്ന് വെസ്‌ലിയും സിനിയും കോടതിയെ അറിയിച്ചത്. രക്ഷിതാക്കളെന്ന രീതിയില്‍ ആദ്യ കുട്ടിയുടെ മേല്‍ ഇവര്‍ക്ക് ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിഞ്ഞില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഷെറിന്‍ മാത്യൂസിന്റെ മരണത്തിന് ശേഷം സ്വന്തം കുട്ടിയായ നാല് വയസ്സുകാരിയെ കാണാനുള്ള അവകാശം ഇവര്‍ക്ക് കോടതി നിഷേധിച്ചത്. നിലവിലെ സാഹചര്യത്തില്‍ രണ്ടാമത്തെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ കാര്യം കുട്ടിക്ക് വേണ്ടിയുള്ള അവകാശ വാദം ഒഴിഞ്ഞുകൊടുക്കുക എന്നതാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് ഇവര്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന അറ്റോര്‍ണി മിച്ച് നോള്‍ട്ട് അറിയിച്ചു. ആദ്യ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. സിനി മാത്യൂസിന് നീണ്ട കാല തടവ് ശിക്ഷയും കോടതി വിധിച്ചു. ഈയൊരു സാഹചര്യത്തിലാണ് രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള അവകാശ വാദം ഇവര്‍ ഒഴിഞ്ഞത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു ഡാലസിലെ വീട്ടില്‍ നിന്നും മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി മരിച്ചതിന്റെ തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസ്സുള്ള സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റസ്റ്റോറന്റില്‍ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Top