തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൊമാലിയന്‍ മന്ത്രിയെ സ്വന്തം സുരക്ഷാസേന വെടിവെച്ചുകൊന്നു. മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെ (31) സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചുകൊന്നു. തലസ്ഥാനമായ മോഗാദിഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തു വച്ചാണ് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മന്ത്രിക്ക് വെടിയേറ്റത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു യുവാവായ അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസ്.
സോമാലിയന്‍ ഓഡിറ്റര്‍ ജനറലിന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരാണ് തീവ്രവാദികളുടെ വാഹനമെന്ന് തെറ്റിദ്ധരിച്ച് മന്ത്രിയുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ കാറിനു നേരെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അംഗരക്ഷകര്‍ തിരികെ വെടിയുതിര്‍ത്തു. ഇതിനിടയിലാണ് അബ്ദുള്ളാഹിക്ക് വെടിയേറ്റത്. അംഗരക്ഷകരില്‍ പലര്‍ക്കും ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തു
ഒരു അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന അബ്ദുള്ളാഹി കഴിഞ്ഞ നവംബറിലാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് അദ്ദേഹം. ഫെബ്രുവരിയിലാണ് മന്ത്രിയാകുന്നത്. ഭീകരവാദികളുടെ ആക്രമണം തുടര്‍ച്ചയായി നടക്കുന്ന സോമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണുള്ളത്. അല്‍ ഷബാബ് എന്ന തീവ്രവാദി വിഭാഗങ്ങള്‍ പലപ്പോഴും കൊട്ടാരങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്ക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്താറുണ്ട്.