
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സർക്കാരിന്‍റെ ചെലവ് ചുരുക്കാനും കൂടുതൽ പണം കണ്ടെത്താനും കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളത്തില്‍ നിന്ന് 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിരുന്നു. ഇതോടൊപ്പം എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിരവധി പരസ്യങ്ങളാണ് രാജ്യത്തെ ടിവി-പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത്. 1250 കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി ഒരു വര്‍ഷം ചെലവഴിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകളും നിര്‍ദേശങ്ങളും ഒഴികെയുള്ളവ രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവച്ച് ഈ പണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കണം. സോണിയ നിര്‍ദേശിച്ചു.ചെലവ് കുറക്കലിനെ ഗൌരവമായി കാണണമെന്ന് പറഞ്ഞ സോണിയ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ചെലവില്‍ നിന്ന് 30 ശതമാനം ആനുപാതികമായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. 2.5 ലക്ഷം കോടിയോളം രൂപയാണ് ഒരു വര്‍ഷം രാജ്യം ചെലവഴിക്കുന്നത്. ഇതില്‍ നിന്നും മാറ്റിവയ്ക്കുന്ന 30 ശതമാനം തുക തൊഴിലാളികള്‍, കൃഷിക്കാര്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തക്കുന്നവര്‍ എന്നിവര്‍ക്ക് സാമ്പത്തിക സുരക്ഷാ വലയം സ്ഥാപിക്കുന്നതിന് നീക്കിവയ്ക്കാം സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.
പി.എം കെയേഴ്‌സ് ഫണ്ടിനു കീഴില്‍ വരുന്ന എല്ലാ പണവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കാര്യക്ഷമത, സുതാര്യതയും ഉറപ്പുവരുത്തുന്നതിന് ഇത് ആവശ്യമാണ് സോണിയ പറഞ്ഞു.