പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളി താരം എസ്.ശ്രീശാന്തിനോട് ചെയ്‌തൊരു തെറ്റിന് മാപ്പു ചോദിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ഐപിഎല്‍ മത്സരത്തിനിടെ ശ്രീശാന്തിന്റെ മുഖത്തടിച്ചതിനാണ് ഹര്‍ഭജന്‍ ഇപ്പോള്‍ ക്ഷമ ചോദിച്ചത്. 2008 ല്‍ മുംബൈ ഇന്ത്യന്‍സും കിങ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മൈതാനത്ത് വച്ച് മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ഭജന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു.
അന്ന് കരഞ്ഞുകൊണ്ട് മൈതാനം വിട്ട ശ്രീശാന്തിനെ ആരും മറക്കാനിടയില്ല. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ താന്‍ അന്നു ചെയ്തതില്‍ കുറ്റബോധമുണ്ടെന്നും ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തതെന്നും പറയുകയാണ് ഹര്‍ഭജന്‍. ‘കളിക്കളത്തില്‍ വച്ച് ശ്രീശാന്തുമായി അന്നുണ്ടായ സംഭവത്തെക്കുറിച്ച് ഇപ്പോഴും നിരവധി പേര്‍ സംസാരിക്കുന്നുണ്ട്. ജീവിതത്തില്‍ പുറകോട്ടു പോയി ചെയ്ത തെറ്റ് തിരുത്താന്‍ അവസരം ലഭിച്ചാല്‍ അതായിരിക്കും ആദ്യം തിരുത്തുക.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അന്ന് സംഭവിച്ചത്,’ ഹര്‍ഭജന്‍ ബിഹൈന്‍ഡ്‌വുഡ്‌സ് എയറിനോട് പറഞ്ഞു. ‘അതൊരു തെറ്റായിരുന്നു, അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അത്. ശ്രീശാന്ത് കഴിവുള്ള കളിക്കാരനാണ്. ശ്രീശാന്തിന്റെ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ജനങ്ങള്‍ എന്തു പറയുമെന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല, ഞാന്‍ ഇപ്പോഴും നിന്റെ സഹോദരനാണ്,’ ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ഹര്‍ഭജന്‍ സിങ്.
ഐപിഎല്‍ വാതുവയ്പ് വിവാദത്തിന്റെ പേരില്‍ ബിസിസിഐ വിലക്ക് നേരിടുകയാണ് ശ്രീശാന്ത്. ഐപിഎല്ലിലെ സംഭവത്തിനുശേഷം 2007 ലെ ടിട്വന്റി ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തും ഹര്‍ഭജനും ഒരുമിച്ച് കളിച്ചിരുന്നു. 2011 ല്‍ ഇരുവരും ഉള്‍പ്പെട്ട ടീമാണ് ലോകകപ്പ് നേടിയത്. ശ്രീശാന്ത് ടെസ്റ്റില്‍ 87 ഉം ഏകദിനത്തില്‍ 75 ഉം ടിട്വന്റിയില്‍ ഏഴും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.