
കൊച്ചി:പാലാ രൂപതാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അടക്കം ഒരുപാടുപേർ രംഗത്ത് വന്നു .അതിനിടെ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ വിശദീകരണവുമായി പാല അതിരൂപത. അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്നാണ് അതിരൂപതയുടെ നിലപാട്. മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് പാലാ ബിഷപ്പ് ഉദ്ദേശിച്ചത് എന്നാണ് അതിരൂപത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. പാല രൂപത സഹായ മെത്രാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
തീവമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചുള്ള ഒരു പ്രവാചക ശബ്ദമാണ് പാലാ ബിഷപ്പിന്റെത്. എല്ലാ മതങ്ങളെയും തന്റെ ഹൃദയത്തില്‍ സ്വന്തമായി സൂക്ഷിച്ച് സ്‌നേഹിക്കുന്ന മാനവികതയുടെ വലിയ മനുഷ്യ വ്യക്തിത്വമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആരെയും വേദനിപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുതെന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം പങ്കുവച്ചത് എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. വിവാദവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി സൗഹാര്‍ദ പരമായി മുന്നോട്ട് പോവാമെന്നും അതിരൂപത വ്യക്തമാക്കുന്നു.
അതിനിടെ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ച് ദീപിക ദിനപത്രം രംഗത്ത് എത്തി. മുഖപ്രസംഗത്തിലായിരുന്നു ദീപിക നിലപാട് വ്യക്തമാക്കിയത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ബിഷപ്പിന്റെ പരാമര്‍ശമെന്നും അദ്ദേഹം വിശ്വാസികളുമായി പങ്കുവച്ചത് സഭയുടെ ആശങ്കയാണെന്നും ദീപിക മുഖപ്രസംഗം പറയുന്നു. അപ്രിയസത്യങ്ങള്‍ ആരും പറയരുതെന്നോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു സഭാമേലധ്യക്ഷന് തന്റെ ആശങ്കകള്‍ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേയെന്നും ദീപിക ചോദിക്കുന്നു.