അഫ്ഗാനിലെ ഈ വരണ്ടുണങ്ങിയ മരുഭൂമിയിലും മലയിടുക്കുകളിലും വന്ന് മരിച്ചുവീഴാന്‍ വേണ്ടി ജനിച്ചവരാണോ അമേരിക്കന്‍ യുവാക്കള്‍? കള്ളന്‍മാരും ഒന്നിനും കൊള്ളാത്തവരുമായ ഈ അഫ്ഗാന്‍ ഭരണാധികാരികള്‍ക്കായി കളയാന്‍ മാത്രം വിലകുറഞ്ഞതാണോ അമേരിക്കന്‍ ജീവനുകള്‍?
തുറന്ന കത്തിലൂടെ താലിബാന്‍ ചോദിക്കുന്നു. അമേരിക്കക്കാരുടെ മനസ്സ് നന്നായി വായിച്ചവരാണ് താലിബാന്‍ എന്നതിന് തെളിവാണിത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബുദ്ധി ഉപദേശിച്ചുകൊണ്ട് കത്തെഴുതിയിരിക്കുകയാണ് താലിബാന്റെ ഉന്നതാധികാര സമിതിയായ ശൂറാ കൗണ്‍സില്‍.
ലോകത്ത് എന്തിനെക്കുറിച്ചും വായില്‍തോന്നുന്നത് പറഞ്ഞ് ശീലമുള്ള ട്രംപ്, അഫ്ഗാനെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ ഉപദേശിക്കാന്‍ താലിബാന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
യു.എസ് പ്രസിഡന്റിന് ഏറെ താല്‍പര്യമുള്ള ട്വിറ്ററില്‍ തന്നെയാണ് താലിബാന്‍ തങ്ങളുടെ സന്ദേശം ടാഗ് ചെയ്തിരിക്കുന്നത്.
യുദ്ധക്കൊതിയന്‍മാരായ കോണ്‍ഗ്രസ്‌കാരുടെയും ഉദ്യോഗസ്ഥരുടെയും വാക്കുകള്‍ കേള്‍ക്കുന്നതിന് പകരം അഫ്ഗാന്‍ പ്രശ്‌നം ഏറ്റവും നന്നായി മനസ്സിലാവുന്ന തങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നതാവും പ്രസിഡന്റിന് നല്ലതെന്ന് കത്തില്‍ പറയുന്നു.
മുന്‍ഗാമികള്‍ക്ക് പറ്റിയ തെറ്റുകള്‍ താങ്കള്‍ തിരിച്ചറിഞ്ഞുവെന്നത് തന്നെ വലിയ കാര്യമാണെന്ന് കത്തില്‍ പറയുന്നു.
ആ തെറ്റുകള്‍ തിരുത്തുന്നതാവും എല്ലാവര്‍ക്കും ഗുണം ചെയ്യുക. അഫ്ഗാന്‍ വിഷയത്തില്‍ താങ്കള്‍ കൈക്കൊള്ളുമെന്ന് പറയുന്ന പുതിയ തന്ത്രം അനുഭാവപൂര്‍വം പരിഗണിക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും കത്തിലുണ്ട്.
കത്തിലൂടെ താലിബാന്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനമിതാണ്- 16 കൊല്ലമായി തുടരുന്ന ഈ പരിപാടി എത്രയും വേഗം മതിയാക്കി അഫ്ഗാനില്‍ നിന്ന് സൈനികരെ പൂര്‍ണമായി പിന്‍വലിക്കണം.
അമേരിക്കക്ക് ഈ കുരുക്കില്‍ നിന്ന് തലയൂരാന്‍ വേറെ മാര്‍ഗമില്ല. അത്‌കൊണ്ട് രണ്ടുണ്ട് നേട്ടം.
ഒന്ന് അമേരിക്കക്കാര്‍ക്ക് തങ്ങളുടെ തടി രക്ഷപ്പെടുത്താം. മറ്റൊന്ന് മുന്‍ ഭരണാധികാരികളുടെ തെറ്റായ ചെയ്തികള്‍ മൂലമുണ്ടായ യുദ്ധത്തിന് അറുതിവരുത്തുകയും ചെയ്യാം.