ദില്ലി: തിരക്കേറിയ മാര്‍ക്കറ്റില്‍ നുഴഞ്ഞു കയറിയ ഭീകരന്‍ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് നടത്തി. അസമിലെ കൊക്രാജറിലെ മാര്‍ക്കറ്റിലാണ് ഭീകരാക്രമണം. വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു.
15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 11 മണിയോടെയാണ് സംഭവം. നാലു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. സൈനിക വേഷത്തില്‍ ഓട്ടോറിക്ഷയിലാണ് ഇവര്‍ എത്തിയത്. ബോഡോ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
സൈന്യം നടത്തിയ തിരിച്ചടിയില്‍ ഭീകരരില്‍ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളില്‍നിന്ന് എകെ 47 തോക്ക് പിടിച്ചെടുത്തു. സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിട്ടുണ്ട്.