December 20, 2017 3:20 pm
By : Indian Herald Staff
അര്‍ജന്റീന : കനിവുള്ളവരുടെ കരളലയിക്കുന്ന ഈ ചിത്രം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്. ദാഹിച്ചുവലഞ്ഞ കുരുന്ന് നടപ്പാതയിലെ ചെളിവെള്ളം നക്കിക്കുടിക്കുന്നു. കൊടിയ ദാരിദ്ര്യത്തിന്റെ നേര്‍സാക്ഷ്യമായാണ് ചിത്രം പുറത്തുവരുന്നത്. ദൈന്യത വെളിവാക്കുന്ന ഈ ചിത്രം അര്‍ജന്റീനയില്‍ നിന്നാണ്. മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന ആ കുഞ്ഞ് കൈകളും കാല്‍മുട്ടുകളും കുത്തിയിരുന്ന് ചെളിവെള്ളം കുടിക്കുകയാണ്. തദ്ദേശീയരായ മംപ്യ ഗ്വരനി വിഭാഗത്തില്‍പ്പെട്ട കുഞ്ഞാണിത്. താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയതിനാല്‍ അര്‍ജന്റീനയില്‍ കടുത്ത ചൂട് അനുഭവപ്പെടുകയാണ്. വിശപ്പും ദാഹവും സഹിക്കാനാവാതെ വന്നതോടെ നടപ്പാതയിലെ ചെളിവെള്ളം കുടിക്കുകയിരുന്നു കുഞ്ഞ്. ഈ കുട്ടിയും കൂട്ടരും പോസഡാസ് നഗരത്തിലും പരിസരങ്ങളിലും ഭിക്ഷയാചിച്ച് നടക്കുകയായിരുന്നു. അതിനിടെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ഈ അസഹനീയമായ കാഴ്ച പകര്‍ത്തിയത്. തുടര്‍ന്ന് ഈ ചിത്രം യൂണിസെഫ് പ്രവര്‍ത്തകനായ മിഗ് റയോസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. രാജ്യം കത്തിയാളുമ്പോള്‍ നിലത്തുനിന്ന് ദാഹമകറ്റുന്ന കുഞ്ഞ് എന്ന കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്. മിഷനസ് ഓണ്‍ലൈന്‍ എന്ന പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ടറാണ് ഈ ചിത്രം പകര്‍ത്തിയത്. ബുധനാഴ്ച ഒരു മണിയോടെയായിരുന്നു ഈ ദൈന്യത പകര്‍ത്തപ്പെട്ടതെന്ന് ഈ മാധ്യമം വ്യക്തമാക്കുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മനസ്സാക്ഷി വിറങ്ങലിപ്പിക്കുന്ന ചിത്രം വ്യാപക പ്രതികരണങ്ങളണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പട്ടിണിയകറ്റാന്‍ സാധിക്കാത്ത ഭരണകൂടത്തിനെതിരെയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.