ഒരു കിലോ തക്കാളിക്ക് പാക്കിസ്താനില്‍ 300 രൂപ

പാക്കിസ്താനില്‍ തക്കാളിക്ക് പ്രതിസന്ധിയേറുന്നു. ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ പാക്കിസ്താനില്‍ തക്കാളി വില കൂടുകയായിരുന്നു. നിലവില്‍ കിലോക്ക് 300യാണ് വില.
പാക്കിസ്താനിലെ ആഭ്യന്തര വിപണികളില്‍ തക്കാളി കിട്ടാനില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോറില്‍ തക്കാളിയും സവാളയും കിട്ടാനില്ല. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലുണ്ടായ വിള്ളലാണ് പച്ചക്കറികളുടെ കയറ്റുമതിക്ക് തടസ്സമായത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പാക്കിസ്താനുമായി ഇന്ത്യ നല്ല സഹകരണത്തിലായിരുന്നില്ല. അതിര്‍ത്തികളില്‍ കണ്ടെയ്‌നറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും പാക്കിസ്താന് തിരിച്ചടിയാവുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത്ത് പറഞ്ഞു. അതേസമയം, 132 മുതല്‍ 140 വരെയാണ് തക്കാളിയുടെ വിലയെന്നാണ് പാക് സര്‍ക്കാരിന്റെ വാദം. 2016-ലെ പത്താന്‍കോട്ട് ആക്രമണവും, ഉറി ആക്രമണവുമാണ് ഇന്ത്യ-പാക്കിസ്താന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്താനാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു.

Top