യുഎസ് ഡോണൾഡ് ട്രംപ് ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിലെ സൈനികരഹിത മേഖലയായ ഡിഎംസെഡ് (കൊറിയൻ ഡീമിലിറ്ററൈസ്ഡ് സോൺ) സന്ദർശിച്ചേക്കും. അടുത്തമാസം നടത്തുന്ന ഏഷ്യൻ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡിഎംസെഡ് സന്ദർശിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് സിയൂളിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ക്യാമ്പ് ഹംഫ്രെയ്സ് സൈനിത താവളം സന്ദർശിക്കാനുള്ള സാധ്യത ഏറെയാണെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സമയപരിമിതി മൂലം രണ്ടിടങ്ങളും സന്ദർശിക്കാനുള്ള സാധ്യത കുറവാണെന്നു വൈറ്റ് ഹൗസ് അറിയിച്ചു. നവംബർ മൂന്നു മുതൽ 14 വരെയാണ് ട്രംപിന്റെ ഏഷ്യൻ സന്ദർശനം. യുഎസ് പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ട്രംപ് നടത്തുന്ന ആദ്യ ഏഷ്യൻ സന്ദര്‍ശനമാണിത്. വിയറ്റ്നാമിൽ വെച്ചു നടക്കുന്ന ഏഷ്യാ-പസിഫിക് സാമ്പത്തിക സഹകരണ (എപിഇസി) ഉച്ചകോടിയിലും അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നുണ്ട്.
ട്രംപ് ഡിഎംസെഡ് മേഖല സന്ദർശിക്കാൻ ഒരുങ്ങുന്നു
Tags: trump dmz visit