ട്രംപ് യാത്രാവിലക്ക് ഇനിയും കടുപ്പിക്കും

ലണ്ടന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് ഇനിയും കടുപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലാണ് ട്രംപ് അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്. മാര്‍ച്ച് ആറിനാണ് ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാന്‍ 90 ദിവസത്തെ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ചത്. അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തെ യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെയാണ് 90 ദിവസത്തെ യാത്രാവിലക്ക് അവസാനിക്കുക. വിലക്ക് പുതുക്കുമെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നുമാണ് സൂചനകളെങ്കിലും ഇതു വരെ ഒദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയിലാണ് ഇന്നലെ സ്‌ഫോടനം ഉണ്ടായത്. ലണ്ടന്‍ പോലീസിന് സ്‌ഫോടനം തടയാമായിരുന്നുവെന്നും അവര്‍ അവസരം നഷ്ടപ്പെടുത്തിയെന്നും ട്രംപ് കുറ്റപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ് വേയിലാണ് സ്‌ഫോടനം നടന്നത്. മെട്രോയില്‍ തിരക്കുള്ള സമയത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Top