വാര്‍ത്തകള്‍ക്ക് പുറകെ ഓടുന്നവര്‍ ആണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന ധാരണയാണ് പൊതുജനങ്ങള്‍ക്ക് ഉള്ളത്. എന്നാല്‍ ആ ധാരണ തിരുത്തി എഴുതുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഹൂസ്റ്റണില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍ വെള്ളപ്പൊക്ക കെടുതികള്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ലോറിയിലെ ഡ്രൈവറെ രക്ഷിക്കാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങള്‍ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.
ഹാര്‍വി കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറായ ബ്രാന്‍ഡി സ്മിത്തും ക്യാമറാമാന്‍ മരിയോ സാന്‍ഡോവലും. ഇതിനിടെയാണ് വെള്ളത്തില്‍ മുങ്ങിത്താഴുന്ന ലോറിയും അതിനുള്ളിലെ ഡ്രൈവറും ശ്രദ്ധയില്‍പ്പെടുന്നത്. ഈ സമയം രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡിലൂടെ പോകുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പെട്ടെന്ന് ജോലി നിര്‍ത്തി സ്മിത്ത് വാഹനത്തിന്റെ പിറകെ ഓടി, പിറകെ ക്യാമറാമാനും. പാലത്തിന് താഴെ ലോറി ഡ്രൈവര്‍ 10 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് സ്മിത്ത് അവരെ അറിയിച്ചു. ലോറി ഡ്രൈവറെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങളെല്ലാം ചാനലും ലൈവായി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറെ രക്ഷിച്ചത്. കൃത്യസമയത്ത് മാധ്യമപ്രവര്‍ത്തകരെ അവിടെ എത്തിച്ച ദൈവത്തിന് നന്ദി പറയുന്നതായി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ റോബര്‍ട്ട് പറഞ്ഞു.