ജനിച്ചുവീണത് 30 മിനിറ്റുകളുടെ വ്യത്യാസത്തിലാണെങ്കിൽ ഒൗദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചത് 30 സെക്കൻഡുകളുടെ വ്യത്യാസത്തിൽ. ഇരട്ടകളായ ജറമിയും നിക്കുമാണ് ഈ അപൂർവ നിമിഷങ്ങളുടെ കാരണഭൂതർ. ഇരുവരുടെയും അറുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഒപ്പം ഒൗദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ച ദിവസവും. അഞ്ചു വർഷമായി ബ്രിട്ടീഷ് എയർവേസിന്റെ വൈമാനികരായിരുന്നു ഇരുവരും. ഇരുവരും സീനിയർ റാങ്കിലുള്ളവരായതിനാൽ ഇതുവരെ ഒരുമിച്ച് വിമാനം പറത്തിയിട്ടില്ല. സ്വീഡനിലെ ഗോഥൻബർഗിൽനിന്ന് അവസാന യാത്ര തുടങ്ങിയ നിക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.34ന് ലണ്ടനിൽ ലാൻഡ് ചെയ്തു. സ്വിറ്റ്സർലൻഡിലെ ജനീവയിൽനിന്നു തിരിച്ച ജറമിയാവട്ടെ 12.35ന് ലാൻഡ് ചെയ്തു. കേവലം 30 സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഇരുവരും ഒൗദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചു. ഇരുവരും ആകെ 45,000 മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ട്. 20 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചിട്ടുമുണ്ട്. ആദ്യകാലത്ത് ഇരുവരും രണ്ടു വിമാനക്കമ്പനികളിലായിരുന്നു ജോലിചെയ്തിരുന്നത്. ജറമി ബ്രിട്ടീഷ് എയർവേസിലായിരുന്നപ്പോൾ നിക്ക് ബ്രിട്ടീഷ് മിഡ്ലാൻഡിലെ പൈലറ്റായിരുന്നു. നിക്കിനെ കണ്ട് ജറമിയാണെന്നു തെറ്റിദ്ധരിച്ച് സഹപ്രവർത്തകൻ എന്തിനാണ് ബ്രിട്ടീഷ് മിഡ്ലാൻഡിന്റെ യൂണിഫോം അണിഞ്ഞതെന്നു ചോദിച്ച് വഴക്കുണ്ടാക്കിയിട്ടുണ്ട്. താൻ ജറമിയല്ല എന്ന് പറഞ്ഞു മനസിലാക്കാൻ കുറേ പാടുപെട്ടെന്ന് നിക്ക് പറയുന്നു.
ജനിച്ചത് 30 മിനിറ്റുകളുടെ വ്യത്യാസത്തിൽ; വിരമിച്ചത് 30 സെക്കൻഡുകളുടെ വ്യത്യാസത്തിൽ
Tags: twin airline pilots