യു.എ.ഇയില്‍ സാധന-സേവനങ്ങള്‍ക്ക് 5% മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിറക്കി. എട്ടാം നമ്പര്‍ ഫെഡറല്‍ നിയമമായാണ് വാറ്റ് ഘടന പ്രസിഡന്റ് പ്രഖ്യാപിച്ചത്.
ജി.സി.സി രാജ്യങ്ങളില്‍ മുഴുവന്‍ നികുതി നടപ്പാക്കാന്‍ ഗള്‍ഫ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് നടപടി.
2018 ജനുവരി മുതലാണ് പുതിയ ചരക്ക് -സേവന നികുതി നിലവില്‍ വരികയെന്ന് പ്രസിഡന്റ് അറിയിച്ചു. അതോടെ ലോകത്തെ ഏറ്റവും കുറവ് വാറ്റ് നികുതി നിലവിലുള്ള പ്രദേശങ്ങളിലൊന്നായി യു.എ.ഇ മാറുമെന്നും അദ്ദേഹം പറഞ്ഞു.
വാറ്റ് നികുതിയില്‍ നിന്ന് ട്യൂഷന്‍ ഫീസ്, ഡോക്ടറുടെ ഫീസ്, വിമാനയാത്ര എന്നിവ ഒഴിവാക്കിയതായി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
ഈ മൂന്ന് മേഖലയെയും വാറ്റില്‍ നിന്ന് ഒഴിവാക്കിയത് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും പ്രസിഡന്റ് പറഞ്ഞു.
അതിനാല്‍ ഈ മൂന്നു മേഖലകളിലും ചെലവ് കൂടില്ലെന്ന് ഉറപ്പായി. രോഗപ്രതിരോധ രംഗത്തും പ്രാഥമിക ആരോഗ്യരക്ഷാ മേഖലയിലും നികുതിയിളവ് ബാധകമായിരിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.
അതേസമയം, സ്‌പോര്‍ട്‌സ് ക്ലാസ്സുകള്‍, സംഗീത പഠനം, സ്‌കൂള്‍ യാത്ര എന്നിവയ്ക്ക് വാറ്റ് ഏര്‍പ്പെടുത്തിയത് വിദ്യാഭ്യാസ രംഗത്ത് നേരിയ രീതിയില്‍ ചെലവ് കൂട്ടും.
പാര്‍പ്പിട കെട്ടിടങ്ങളെ നിര്‍മാണം പൂര്‍ത്തിയായതിനു ശേഷമുള്ള ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതിനാല്‍ പുതിയ വീടുകള്‍ വാങ്ങുന്നവര്‍ക്കും വാടകയ്‌ക്കെടുക്കുന്നവര്‍ക്കും ഇത് ഗുണകരമാവും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ആശ്വാസം കൂടിയാണ് ഈ തീരുമാനം.
അസംസ്‌കൃത എണ്ണ, ഗ്യാസ് എന്നിവയെയും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യു.എ.ഇയില്‍ യാത്ര തുടങ്ങുന്നതോ അവസാനിക്കുന്നതോ ഇതുവഴി കടന്നുപോവുന്നതോ ആയ യാത്രാ-ചരക്ക് വിമാനങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ആശ്വാസമാവുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വിമാന യാത്ര, ചികില്‍സ, വിദ്യാഭ്യാസം എന്നിവയെ വാറ്റില്‍ നിന്നൊഴിവാക്കിയ തീരുമാനം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുക പ്രവാസികളെയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
നാട്ടിലേക്കും തിരിച്ചും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമുള്ള വിമാനയാത്രകളുടെ കാര്യത്തില്‍ അവര്‍ക്ക് പേടിക്കേണ്ടി വരില്ല.
200 രാജ്യങ്ങളില്‍ നിന്നുള്ള 80 ലക്ഷത്തോളം പ്രവാസികളുള്ള യു.എ.ഇയില്‍ ഭരണകൂടം കൈക്കൊണ്ട ഈ തീരുമാനം പ്രവാസി സമൂഹത്തോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിന്റെ അടയാളമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രം ഈ വര്‍ഷം ആദ്യ പകുതിയില്‍ 4.3 കോടി യാത്രക്കാര്‍ എത്തിയെന്നാണ് കണക്ക്.