ഇസ്രായേലില്‍ രഹസ്യ സന്ദര്‍ശനം നടത്തി; ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് പണി പോയി

ഇസ്രായേല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് മന്ത്രി സ്ഥാനം നഷ്ടമായി. ബ്രിട്ടനിലെ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയായിരുന്ന അവരുടെ രഹസ്യ സന്ദര്‍ശനം പുറത്തായതിനെ തുടര്‍ന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. വിവിധ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അവര്‍ കൈകാര്യം ചെയ്തിരുന്നത്. ആഗസ്തില്‍ കുടുംബ സമേതം ഇസ്രായേലിലേക്ക് നടത്തിയ 13 ദിവസത്തെ അവധിയാത്രയ്ക്കിടയിലായിരുന്നു അവര്‍ ഇസ്രായേലിലെ മുതര്‍ന്ന നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്. ഉഗാണ്ടയിലും കുടുംബ വേരുകളുള്ള അവര്‍ അവിടേക്കുള്ള യാത്ര പാതിവഴിയില്‍ മതിയാക്കി കഴിഞ്ഞ ദിവസം ബ്രിട്ടനിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ 12 നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയതായാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് രഹസ്യകൂടിക്കാഴ്ച നടത്തിയ കാര്യം സമ്മതിക്കാന്‍ പ്രീതി പട്ടേലും നിര്‍ബന്ധിതയായി. തുടര്‍ന്നാണ് രാജിവയ്ക്കാന്‍ തീരുമാനമെടുത്തത്. അറിയപ്പെട്ട ഇസ്രായേല്‍ ലോബിയിസ്റ്റിന്റെ കൂടെയായിരുന്നു പട്ടേലിന്റെ യാത്ര. ഗോലാന്‍ കുന്നുകളിലെ ഇസ്രായേല്‍ സൈനികര്‍ക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുള്‍പ്പെടെയായിരുന്നു കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ചെയ്തതെന്ന് പട്ടേല്‍ സമ്മതിച്ചു. ഇതിനു പുറമെ സപ്തംബര്‍ ഏഴിന് ഇസ്രായേല്‍ പൊതുസുരക്ഷാ മന്ത്രി ഗിലാദ് എര്‍ദനുമായി ബ്രിട്ടനില്‍ വച്ചും സപ്തംബര്‍ 18ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് യുവല്‍ റോട്ടമുമായി ന്യുയോര്‍ക്കിലും പട്ടേല്‍ ചര്‍ച്ച നടത്തിയതായും കണ്ടത്തി. താന്‍ ഇതുവരെ പുലര്‍ത്തിപ്പോന്ന സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും നിരക്കാത്ത തരംതാണ പ്രവൃത്തിയാണ് തന്റെ പക്കല്‍ നിന്നുണ്ടായതെന്ന് രാജിപ്രഖ്യാപനത്തില്‍ അവര്‍ പറഞ്ഞു. തന്റെ കൂടിക്കാഴ്ചകളെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നവരെ അറിയിക്കാതിരുന്നതില്‍ അവര്‍ മാപ്പപേക്ഷ നടത്തുകയുമുണ്ടായി.

Top