യമനിലെ സാധാരണ പൗരന്‍മാര്‍ ഇന്നനുഭവിക്കുന്ന ദുരന്തപൂര്‍ണമായ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദി സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമാണെന്ന് യു.എന്‍ കുറ്റപ്പെടുത്തി. യമനിലെ ആറു ലക്ഷം പേര്‍ക്ക് കോളറ ബാധിക്കുകയും 2000ത്തിലേറെ പേര്‍ ഇതുമൂലം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിമര്‍ശനവുമായി യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്. തികച്ചും മനുഷ്യനിര്‍മിത ദുരന്തമാണ് യമനിലെ സാധാരണക്കാര്‍ അനുഭവിക്കുന്നതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗദി സഖ്യം യമനില്‍ നടത്തിയ വ്യോമാക്രമണങ്ങളാണ് നൂറുകണക്കിന് കുട്ടികളടക്കമുള്ള നിരപരാധികളുടെ മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ട് വിലയിരുത്തു. ഹൂത്തികള്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ക്കു നേരെ സൗദി സഖ്യം തുടരുന്ന ഉപരോധം കാരണം 73 ലക്ഷത്തിലേറെ യമനികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ്. അതേസമയം, ഹൂത്തികളുടെയും മുന്‍ പ്രസിഡന്റ് അബ്ദുല്ല സാലിഹിനോട് കൂറുപുലര്‍ത്തുന്ന സൈനികരുടെയും നേതൃത്വത്തില്‍ നിരവധി കുട്ടികളെ സൈനിക വൃത്തിയിലേക്ക് തള്ളിയിട്ടതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ഒരു അന്താരാഷ്ട്ര അന്വേഷണം വേണമെന്നാണ് യു.എന്‍ ആവശ്യം. എങ്കില്‍ മാത്രമേ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തിയ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനാവൂ. 2016 ജൂലൈക്കും 2017 ആഗസ്തിനുമിടയില്‍ സൗദി വ്യോമാക്രമണങ്ങളില്‍ 933 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 1423 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു മാത്രമല്ല, സംസ്‌കാരച്ചടങ്ങിനു നേരെ പോലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ആക്രമണങ്ങള്‍ നടത്തുമ്പോള്‍ സിവിലിയന്‍മാരെ ഒഴിവാക്കാനുള്ള യാതൊരു മുന്‍കരുതലുകളും സൗദി സഖ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
അതേസമയം ഹൂത്തികളുടെ ഷെല്ലാക്രമണത്തില്‍ 178 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 420 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 29 മാസമായി തുടരുന്ന യമന്‍ സംഘര്‍ഷത്തിനിടയില്‍ അല്‍ഖാഇദ പോലുള്ള സംഘങ്ങള്‍ രാജ്യത്ത് ക്തിപ്രാപിക്കുകയാണുണ്ടായത്. സംഘര്‍ഷത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായ മുഴുവന്‍ കക്ഷികളുടെയും ഭാഗത്തുനിന്ന് യമനികളോട് അനുഭാവപൂര്‍വമായ സമീപനം ഉണ്ടാവണമെന്ന് മനുഷ്യാകാശങ്ങള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ അഭ്യര്‍ഥിച്ചു.