യുഎസ്സിലേക്ക് പറക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ സുരക്ഷാ ഇന്‍റെര്‍വ്യൂ

യുഎഇയില്‍ നിന്ന് അമേരിക്കയിലേക്ക് വിമാന യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ സുരക്ഷാ പരിശോധന കൂടും. മിഡിലീസ്റ്റിലെ ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനയാത്രയ്ക്കിടയില്‍ ലാപ്‌ടോപ് ഉപയോഗിക്കാന്‍ അമേരിക്ക അനുവദിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിശോധന. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അടക്കമുള്ള വിമാന കമ്പനികള്‍ക്ക് ഇത് ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അധികൃതര്‍ പുതിയ സുരക്ഷാനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അതുപ്രകാരം കൂടുതല്‍ ശക്തമായ പരിശോധനകള്‍ ആവശ്യമാണെന്നും എമിറേറ്റിസ് വക്താവ് പറഞ്ഞു. യുഎഇയില്‍ നിന്ന് വിമാനം കയറുന്നവര്‍ക്ക് ചെക്ക്-ഇന്‍ സമയത്താണ് പ്രീസ്‌ക്രീനിംഗ് ഇന്റര്‍വ്യൂ നടക്കുക ട്രാന്‍സിറ്റ് യാത്രക്കാരെ വിമാനത്തില്‍ കയറുന്ന സമയത്ത് ഇന്റര്‍വ്യൂ ചെയ്യും. പരിശോധനകളുമായി യാത്രക്കാര്‍ സഹകരിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഈജിപ്ത് എയര്‍, കാതെ പസഫിക് എയര്‍വെയ്‌സ്, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ എന്നീ വിമാന കമ്പനികളും പരിശോധന കര്‍ശമാക്കുന്നുണ്ട്. ലഗേജുകളുടെ സൂക്ഷ്മമായ പരിശോധനയും കര്‍ക്കശമായ ദേഹപരിശോധനയും ഇന്റര്‍വ്യൂവും ഉള്‍പ്പെട്ടതാണ് പുതിയ പരിശോധന. അതേസമയം പുതിയ പരിശോധനകള്‍ 105 രാഷ്ട്രങ്ങളിലെ 280 എയര്‍പോര്‍ട്ടുകളില്‍ നിന്ന് മൂന്ന് ലക്ഷത്തിലേറെ വരുന്ന അമേരിക്കന്‍ യാത്രികരുമായി പോകുന്ന 2000 വിമാന സര്‍വീസുകളെ ദോഷകരമായി ബാധിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പരിശോധനയ്ക്ക് കൂടുതല്‍ സമയം എടുക്കേണ്ടിവ വരുന്നത് ഷെഡ്യൂളുകളെ ബാധിക്കും. സുരക്ഷയുടെ പേരില്‍ യാത്രക്കാരുടെ അവകാശങ്ങളെയും അഭിമാനത്തെയും പ്രണപ്പെടുത്തുന്നതാണ് പുതിയ സംവിധാനങ്ങളെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും പരസ്പരം വിലമതിക്കപ്പെടേണ്ടതാണെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. നേരത്തേ ട്രംപ് ഭരണകൂടം അമേരിക്കന്‍ യാത്രക്കാര്‍ക്ക് ലാപ്‌ടോപ്പ് വിലക്കേര്‍പ്പെടുത്തിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Top