ന്യൂഡല്‍ഹി: ബലാക്കോട്ടിലെ വ്യോമാക്രമണത്തില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഊഹക്കണക്കാണെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. കെട്ടിടത്തിലുണ്ടാകാനിടയുള്ളവരുടെ എണ്ണം വച്ച് പറഞ്ഞതാണിതെന്നും മുന്‍ സൈനിക മേധാവി കൂടിയായ വി.കെ സിങ് പറഞ്ഞു. അതേ സമയം കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു
ബലാക്കോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തില്‍ നിന്നുള്ള ആദ്യത്തെ പ്രതികരണമായിരുന്നു അമിത് ഷായുടേത്. എന്നാല്‍ 250 എന്ന എണ്ണത്തിന് ഔദ്യോഗികമായ സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ് വ്യക്തമാക്കി.
വ്യോമാക്രമണം യുദ്ധമുദ്ദേശിച്ച് നടത്തിയ സൈനിക നീക്കമല്ലെന്ന് ആവര്‍ത്തിച്ച് പിന്നീട് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പുമായി ഈ ആക്രമണത്തിന് ബന്ധമില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി. സൈനിക ശക്തിയെ അവിശ്വസിക്കുന്ന പ്രതിപക്ഷം പാകിസ്താനുമായി സഖ്യത്തിലാവുകയാണെന്ന് മോദി പറഞ്ഞു.
എന്നാല്‍ വ്യോമാക്രമണത്തിന്റെ തെളിവ് പുറത്ത് വിടണമെന്നും എത്ര ഭീകരര്‍ ഇല്ലാതായെന്ന് അറിയാന്‍ രാജ്യത്തെ ജനതക്ക് അവകാശമുണ്ടെന്നും ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന വ്യക്തമാക്കി. ബലാക്കോട്ടില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ശിവസേന മുഖപത്രമായ സാമ്‌ന ചൂണ്ടിക്കാട്ടി.