യുഎസിലെ ലാസ് വേഗാസില്‍ 59 പേരെ കൂട്ടക്കൊല ചെയ്ത അക്രമിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. അക്രമി സ്റ്റീഫന്‍ ക്രെയ്ഡ് പാഡക് ചൂതുകളിയില്‍ കമ്പമുള്ളയാളാണെന്നും ഇയാള്‍ക്ക് സുഹൃത്തുക്കള്‍ക്കിടയില്‍ പ്രൊഫഷണല്‍ ചൂതാട്ടക്കാരനെന്ന പേരുണ്ടെന്നും പോലീസ് വെളിപ്പെടുത്തല്‍. 59 പേരുടെ മരണത്തില്‍ കലാശിച്ച വെടിവെയ്പില്‍ നാനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ലാസ് വേഗാസിലെ മാന്‍ഡലേ ബേ കാസിനോയില്‍ സംഗീത പരിപാടി നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ലാസ് വേഗാസിലെ പ്രശസ്തമായ മാണ്ഡലെ ബേ കാസി ഹോട്ടലില്‍ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് വെടിവെയ്പുണ്ടായിട്ടുള്ളത്. ലാസ് വേഗാസില്‍ ആക്രമണം വിതച്ച 62കാരന്‍ സ്റ്റീഫന്‍ ക്രെയ്ഡ് പാഡകിന്‍റെ ഹോട്ടല്‍ മുറിയിലും വീട്ടിലും വന്‍ ആയുധ- സ്ഫോടക വസ്തു ശേഖരം ഉണ്ടായിരുന്നതായി അക്രമത്തിന് ശേഷം ഹോട്ടല്‍ മുറിയിലും വീട്ടിലും പരിശോധന നടത്തിയ പോലീസ് വ്യക്തമാക്കി.
ലാസ് വേഗാസില്‍ ആക്രമണം വിതച്ച 62ന്‍ സ്റ്റീഫന്‍ ക്രെയ്ഡ് പാഡകിന്‍റെ ഹോട്ടല്‍ മുറിയില്‍ വന്‍ ആയുധ- സ്ഫോടക വസ്തു ശേഖരം ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെയ്പെന്ന് വിശേഷിപ്പിക്കാവുന്ന ആക്രമണത്തിനാണ് യുഎസ് സാക്ഷ്യം വഹിച്ചത്. 16 തോക്കുകള്‍, 18 ആയുധങ്ങള്‍, ബോംബ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ എന്നിവയാണ് ഇയാളുടെ രണ്ടിടങ്ങളിലെ വീടുകളില്‍ നിന്നായി അന്വേഷണ സംഘം കണ്ടെടുത്തത്. യുഎസ് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം അമേരിക്ക സാക്ഷ്യംവഹിക്കുന്ന ആദ്യത്തെ കൂട്ടക്കൊലയാണ് ലാസ് വേഗാസില്‍ നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് തിങ്കളാഴ്ച തന്നെ രംഗത്തെത്തിയിരുന്നുവെങ്കിലും അമേരിക്ക ഇക്കാര്യം നിരസിച്ചിട്ടുണ്ട്. പാഡക് തങ്ങളുടെ പോരാളിയാണെന്നായിരുന്നു ഐസിസ് വാദം. എഫ്ബിഐയാണ് ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുള്ളത്. ഇയാള്‍ കുറച്ച് മുമ്പ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പാഡക് തങ്ങളുടെ പോരാളിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഐസിസ് യുഎസിന് ശക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് ഐസിസിനെതിരെ യുഎസ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ നടത്തിവരുന്ന പോരാട്ടങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും ഐസിസ് ചൂണ്ടിക്കാണിക്കുന്നു. ഐസിസുമായി ബന്ധം പുലര്‍ത്തുന്ന അമാഖ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്.
യുഎസിലെ നേവാഡ സ്വദേശിയായ പാഡക് അക്രമണം നടത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. അക്രമി കഴിഞ്ഞ വ്യാഴാഴ്ച മാന്‍ഡലേ ബേ കാസിനോയുടെ 32ാമത്തെ നിലയില്‍ മുറിയെടുക്കുകയായിരുന്നുവെന്നും 32ാമത്തെ നിലയ്ക്ക് മുകളില്‍ നിന്നായിരുന്നു വെടിവെയ്പ് നടത്തിയതെന്നുമാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. 59 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ സൂത്രധാരന്‍ പാഡകിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഇക്കാലയളവിനുള്ളില്‍ ഇയാള്‍ക്കെതിരെ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കുറ്റം മാത്രമേ നിലവിലുള്ളൂവെന്നുമാണ് പാഡകിന്‍റെ സഹോദരനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയില്‍ തന്നെയായിരുന്നു പാഡക് കഴിഞ്ഞിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്കൗണ്ടന്‍റായി വിരമിച്ച പാഡകിന്‍റെ പിതാവ് പാട്രിക് ബെഞ്ചമിന്‍ 1960-70 കളില്‍ പോലീസിന് തലവേദന സൃഷ്ടിച്ച ബാങ്ക് കൊള്ളക്കാരനായിരുന്നുവെന്നും പോലീസ് ഭാഷ്യം. ജയില്‍ ചാടിയ ഇയാള്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. മാന്‍ഡലെ ബേ കാസിനോയില്‍ മുറിയെടുക്കാനെത്തിയ പാഡകിനൊപ്പം ഏഷ്യന്‍ വംശജയായ മേരിലോ ഡാന്‍ലി എന്ന സ്ത്രീ ഉണ്ടായിരുന്നുവെന്നും മെസ്ക്വിറ്റില്‍ ഇവര്‍ പാഡിക്കിനൊപ്പം താമസിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ലാസ് വേഗാസില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ ഇവര്‍ ഫിലിപ്പീന്‍സില്‍ ആയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.