യുകെയിലെ വെർജിൻ ട്രെയിൻ കഴിഞ്ഞ ദിവസം തങ്ങളുടെ ജീവനക്കാർക്ക് പുതിയ യൂണിഫോം നല്കി. ഒരു സ്പെഷൽ അംഗത്തിനു പ്രത്യേകം തയാറാക്കിയ യൂണിഫോം നല്കാനും വെർജിൻ ട്രെയിൻ അധികൃതർ മറന്നില്ല. ജാക്ക് എന്ന നായയാണ് ആ പ്രത്യേക അംഗം. കൂളി-ജർമൻ ഷെപ്പേർഡ് ക്രോസ് ബ്രീഡായ ജാക്കിന് 14 വയസാണ് പ്രായം. ഒന്പതു വർഷമായി സ്റ്റാഫോർഡ് സ്റ്റേഷനിലെ സ്വയംപ്രഖ്യാപിത കാവൽക്കാരനാണ് കക്ഷി. ആരെയും കുരച്ചു പേടിപ്പിക്കുന്ന സ്വഭാവമില്ലെങ്കിലും വാലിൽ ചവിട്ടുന്നവരെ നന്നായി വിരട്ടാൻ കക്ഷി മടിക്കാറില്ല. വെർജിൻ ട്രെയിൻ സ്റ്റേഷനിലേക്കെത്തുന്പോൾ കുരച്ച് യാത്രക്കാരെ അറിയിക്കും. മറ്റു ട്രെയിനുകൾ വന്നാൽ ജാക്ക് മൈൻഡ് ചെയ്യില്ല. ഇക്കാരണംകൊണ്ടുതന്നെയാണ് ജീവനക്കാർക്ക് പുതിയ യൂണിഫോം തയാറാക്കിയപ്പോൾ ഈ കൊച്ച് ആരാധകനുവേണ്ടിയും വെർജിൻ ട്രെയിൻ അധികൃതർ യൂണിഫോം തയാറാക്കിയത്. രോമം ഏറെയുള്ള ജാക്കിന് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ പ്രത്യേകം തയാറാക്കിയ യൂണിഫോമിനൊപ്പം ഇഷ്ടപ്പെട്ട സ്നാക്സുകളും വെർജിൻ ട്രെയിനിന്റെ ജീവനക്കാർ നല്കി. നീല, വെള്ള, ചുവപ്പ് നിറങ്ങളുള്ള യൂണിഫോമിൽ നെയിം ബാഡ്ജുമുണ്ട്. അതെ, ജാക്കും ഇപ്പോൾ വെർജിൻ ട്രെയിനിലെ ജീവനക്കാരനാണ്.
ട്രെയിന് ജീവനക്കാരനായി നായ
Tags: virgin train dog employ