ഭൂമിയില്‍ നിന്ന് 1100 കോടി മൈല്‍ അകലത്തിലും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം മുഴങ്ങുന്നുണ്ട്. അധികമാര്‍ക്കും അറിയാത്ത ഈ അപൂര്‍വ്വ സംഗീതത്തിന് നന്ദി പറയേണ്ടത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ വോയേജര്‍ ദൗത്യത്തിനാണ്. വിക്ഷേപണത്തിന് ശേഷം 40 വര്‍ഷം തികയുന്ന വോയേജര്‍ 2ല്‍ നിന്നാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം അജ്ഞാത ലോകത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സംഗീതം വോയേജര്‍ 2വില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയില്‍ നിന്നുള്ളതാണ്. 1970 ആഗസ്ത് 20നാണ് വോയേജര്‍ 2 ഭൂമിയില്‍ നിന്നും പറന്നുയരുന്നത്. ശനി, യുറാനസ്, ജൂപിറ്റര്‍ എന്നീ ഗ്രഹങ്ങളെയും സൗരയൂഥത്തേയും മറികടന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവായിരുന്നു വോയേജര്‍ 2. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ജാത് കഹാം ഹോ എന്ന് തുടങ്ങുന്ന പാട്ടാണ് ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടുത്തിയത്.
സുപ്രസിദ്ധ സംഗീതജ്ഞ സുര്‍ശ്രീ കേസര്‍ഭായ് കേര്‍ക്കറിന്റെ ഭൈരവി രാഗത്തിലുള്ള ഹിന്ദുസ്ഥാനി കീര്‍ത്തനമാണിത്. ഒരു സ്വകാര്യ ശേഖരത്തില്‍ നിന്നാണ് റെക്കോഡുകളൊന്നും ലഭ്യമല്ലാതിരുന്ന കേസര്‍ഭായുടെ കീര്‍ത്തനം കണ്ടെത്തിയത്. അന്യഗ്രഹജീവികള്‍ എന്നെങ്കിലും കേള്‍ക്കാന്‍ സാധ്യതയുള്ള ഭൂമിയില്‍ നിന്നുള്ള ശബ്ദങ്ങളിലൊന്നായി ഈ കീര്‍ത്തനം മാറി.