
കൊച്ചി: പ്രേമം സിനിമയുടെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിയദര്‍ശനെയും ബി. ഉണ്ണികൃഷ്ണനെയും ചോദ്യം ചെയ്യണമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. വിസ്മയ, ചെന്നൈ സ്റ്റുഡിയോകളില്‍ നിന്നാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നതെന്നാണ് സംശയം. ഈ സ്റ്റുഡിയോകളുടെ ഉടമകള്‍ പ്രിയദര്‍ശനും ബി. ഉണ്ണികൃഷ്ണനുമാണെന്നും ബഷീര്‍ പറഞ്ഞു.
പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ വ്യാപകമായത് ദൃശ്യം സിനിമയുടെ റെക്കോര്‍ഡ് തകരാതിരിക്കാന്‍ മനപൂര്‍വം ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതവരെ ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമയെന്ന റെക്കോര്‍ഡ് ദൃശ്യത്തിനാണ്. പ്രേമം ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ദൃശ്യം രണ്ടാഴ്ചകൊണ്ട് നേടിയ കളക്ഷന്‍ തകര്‍ത്തിരുന്നു. ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ നേരത്തെ മോഹന്‍ലാലിന്റെ പേരിലായിരുന്നു. എന്നാല്‍ ലാലിന്റെ ബിനാമി മാത്രമാണ് പുതിയ ഉടമസ്ഥര്‍ എന്നും ആരോപണം ഉയരുന്നുണ്ട്.