
കല്‍പ്പറ്റ: യുവതികളുമായി അടുപ്പം സ്ഥാപിച്ച് സ്വര്‍ണാഭരണം തന്ത്രത്തില്‍ കൈക്കലാക്കി മുങ്ങുന്ന യുവാവ് പിടിയിൽ. വയനാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റയ്ക്കടുത്ത് തരുവണ സ്വദേശിയായ വൈശ്യന്‍ വീട്ടില്‍ മുക്താറാണ് പിടിയിലായത്.
കൊടുവള്ളി സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് ഒരു പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നെന്ന പരാതിയില്‍ കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സാമ്പത്തിക പരാധീനതകളുള്ള യുവതികളെ കണ്ടെത്തി സൗഹൃദം സ്ഥാപിച്ച് പിന്നീട് ലൈംഗികമായി ചൂഷണം ചെയ്തതിന് ശേഷം ആഭരണങ്ങള്‍ തന്ത്രത്തില്‍ കവര്‍ച്ച ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
സ്വർണം വിറ്റ കല്‍പ്പറ്റ നഗരത്തിലെ ജ്വല്ലറിയില്‍ നടത്തിയ പരിശോധനയില്‍ പോലീസ് തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുത്തു.
വയനാട് അമ്പലവയലിലെ വിധവയോടും മകളോടും സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തിയ പ്രതി നാലര പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും അപഹരിച്ചെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസുള്ളതായും പോലീസ് പറഞ്ഞു.
പാലക്കാട്, മലപ്പുറം ജില്ലകളിലും സമാന രീതിയില്‍ നിരവധി യുവതികള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍ വ്യക്തമാക്കി.
പ്രതിയുടെ വിവരങ്ങള്‍ മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.