ദാര്‍വാഡ :സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍മാര്‍ അറസ്റ്റില്‍. കര്‍ണ്ണാടകയിലെ ദാര്‍വാഡ ജില്ലയിലെ ദോറി താലൂക്കിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ ആഗസ്തിലായിരുന്നു ദാര്‍വാഡ സ്വദേശിനി സുക്കുബായിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതിന് മൂന്ന് മാസം മുന്‍പാണ് അന്യജാതിക്കാരനായ യുവാവുമായി സുക്കുബായി ഒളിച്ചോടി വിവാഹം കഴിച്ചത്. ഇതിന് ശേഷം നാട്ടിലേക്ക് തിരിച്ച് വന്ന യുവതിക്ക് വീട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. ജ്യേഷ്ഠാനുജന്‍മാരുടെ മക്കള്‍ ഒരുമിച്ച് ഒരേ വീട്ടിലാണ് കഴിഞ്ഞ് വന്നിരുന്നത്. തനിക്ക് അവകാശപ്പെട്ട സ്വത്ത് നല്‍കണമെന്നാവശ്യപ്പെട്ട് വീട്ടിലേക്ക് കയറി ചെന്ന സുക്കുബായിയെ സഹോദരന്‍മാര്‍ കഴുത്തില്‍ കയറ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്നാണ് സഹോദരന്‍മാര്‍ നാട്ടുകാരെ ആദ്യം പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ കയറ് കൊണ്ട് മുറുക്കിയ പാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജഗദീഷ് ജഗദപ്പ, ശ്രീരാം ജഗദപ്പ, രാഘവാ ജഗദപ്പ, സീതാവ, തുക്കാറാം എന്നിവരാണ് പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.