ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന വേളയില്‍ തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത യുവാവിനെതിരെ മോശമായി പ്രതികരിച്ച യേശുദാസിനെതിരെ സോഷ്യല്‍മീഡിയ രംഗത്ത്. ആ ഹിന്ദി ചെക്കന്‍ ആരാധന മൂത്ത് ഒരു ഫോട്ടോയെടുക്കുമ്പോഴേക്കും എന്താണ് നിങ്ങള്‍ക്ക് നഷ്ടമായതെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു. ഈ അംഗീകാരം ആരാധകര്‍ നല്‍കിയതാണ്, അല്ലെങ്കില്‍ നിങ്ങള്‍ വെറും പൂജ്യമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ ജനങ്ങള്‍ പ്രതികരിച്ചു.
വിവാദത്തിലായ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ യേശുദാസ് ആദ്യം പങ്കെടുക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഉച്ചയോടെ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ ഹോട്ടലില്‍ നിന്നു പുറപ്പെട്ടു. അപ്പോഴാണ് ചെറുപ്പക്കാരന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പോയ അദ്ദേഹത്തെ കഷ്ടപ്പെട്ട് ഫ്രെയിമില്‍ കൊള്ളിച്ച് ചെറുപ്പക്കാരന്‍ സെല്‍ഫി പകര്‍ത്തി.
ഉടനെ യേശുദാസ് ഫോണ്‍ തട്ടിമാറ്റി. സെല്‍ഫി എടുത്തയാളോട് ഡിലീറ്റ് ചെയാന്‍ പറഞ്ഞു. പിന്നാലെ യേശുദാസ് തന്നെ ഫോണ്‍ വാങ്ങി ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തു. എന്നിട്ട് എല്ലാവരോടുമായി സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നും പറഞ്ഞു. ചെറുപ്പക്കാരന്റെ മുഖത്തെ നിരാശ വ്യക്തമായിരുന്നു. ഇതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനോട് ചുണ്ടത്ത് വിരല്‍ വച്ച് മിണ്ടരുത് എന്ന ആംഗ്യവും അദ്ദേഹം കാണിച്ചു.
പുരസ്‌കാര ചടങ്ങ് ബഹിഷകരിക്കാന്‍ ആരും തീരുമാനിച്ചിട്ടില്ലെന്നും രാഷ്ട്രപതി പുരസ്‌കാരം നല്‍കണമെന്ന നിവേദനത്തില്‍ ഒപ്പുവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് ജയരാജും യേശുദാസും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
https://youtu.be/M3IiEnTA8S4