ന്യൂഡല്‍ഹി: യതി എന്ന ഹിമമനുഷ്യന്റെ കാലടയാളങ്ങള്‍ കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ സേനയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടു. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭ്യമല്ല.
കഴിഞ്ഞ ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. ഇതാദ്യമായി ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. മകുല്‍ ബേസ് ക്യാംപിന് സമീപത്ത് നിന്നായി ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് 32*15 ഇഞ്ച് അളവിലുള്ള കാല്‍പാടുകള്‍ കണ്ടത്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്’. കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ക്കൊപ്പം സേന പുറത്തു വിട്ട വിവരങ്ങളാണിത്.
ഒരു കാലിന്റെ മാത്രം പാടുകളാണ് സേന പുറത്ത് വിട്ട ചിത്രങ്ങളിലുള്ളത്. പുരാണങ്ങളിലും നേപ്പാളിലെ നാടോടിക്കഥകളിലും പരാമര്‍ശിക്കപെടുന്ന മഞ്ഞില്‍ ജീവിക്കുന്ന അതികായനായ ഭീകരരൂപിയാണ് യതി. പകുതി മനുഷ്യനും പകുതി മൃഗവുമായ യതി മഞ്ഞു മൂടിക്കിടക്കുന്ന പല മേഖലകളിലും കണ്ടതായി പലരും പറഞ്ഞിരുന്നു.