ഷാര്‍ജ: മതില്‍ ചാടിക്കടന്ന് വിമാനത്തില്‍ കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. ഷാര്‍ജ വിമാനത്താവളത്തിലാണ് സംഭവം. തന്റെ പ്രതിശ്രുത വധുവിനെ കാണാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വിമാനത്തില്‍ കയറാന്‍ ശ്രമിച്ചതെന്നാണ് യുവാവ് പറയുന്നത്. 26 കാരനായ ആര്‍കെയാണ് ഷാര്‍ജ പൊലീസിന്റെ പിടിയിലായത്. വിമാനത്തവളത്തിന്റെ മതില്‍ ചാടിക്കടന്ന് റണ്‍വേയില്‍ കൂടി ഓടിയാണ് യുവാവ് വിമാനത്തിനരികില്‍ എത്തിയത്. ഇയാളുടെ പക്കല്‍ പാസ്‌പോര്‍ട്ടും ഉണ്ടായിരുന്നില്ല. സുരക്ഷ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടുകയായിരുന്നു. തനിക്ക് തന്റെ പ്രതിശ്രുത വധുവിനെ കാണാതിരിക്കാന്‍ വയ്യ. നാട്ടില്‍ പോകാന്‍ 15 പ്രാവശ്യം ജോലി ചെയ്യുന്ന കമ്പനിയെ ഇയാള്‍ സമീപിച്ചു. എന്നാല്‍ കമ്പനി സമ്മതിച്ചില്ല. പ്രതിശ്രുത വധുവില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് യുവാവ് പറയുന്നു. തന്റെ പ്രതിശ്രുത വധുവിനെ കാണാനായി ഇന്ത്യയിലേക്ക് മടങ്ങാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് ആര്‍കെ പറയുന്നു. ഇതിന് എന്ത് പിഴ വേണമെങ്കിലും താന്‍ അടയ്ക്കാമെന്നും യുവാവ് പറഞ്ഞു. തന്റെ കൂടെ ഉണ്ടായിരുന്നവരെ അറിയിക്കാതെ ഇന്ത്യയില്‍ പോകാനാണ് തീരുമാനിച്ചത്. ഇതിനായി ആരുമറിയാതെ ഇറങ്ങിയപ്പോള്‍ പേഴ്‌സ് മാത്രമാണ് എടുത്തതെന്ന് വിചാരണയ്ക്കിടെ ഇയാള്‍ കോടതിയില്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് റണ്‍വേയില്‍ പുറപ്പെടാന്‍ നിന്ന വിമാനത്തിലാണ് യുവാവ് കയറാന്‍ ശ്രമിച്ചത്. ഇയാളുടെ പാസ്‌പോര്‍ട്ട് ജോലി ചെയ്യുന്ന സ്ഥാപനത്തിലാണെന്നും വിവരമുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.