സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. പുതിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിന് 28ന് രാവിലെ ഗവർണർ നടത്തും.
നാളെ സഭയിൽ വച്ച് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും.പ്രോട്ടേം സ്പീക്കറായ കുന്നമംഗലം എംഎൽഎ പിടിഎ റഹിമായിരിക്കും എംഎൽമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.
നിയമസഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ചൊവ്വാഴ്ചയാണ്. തൃത്താല എംഎൽഎ എംബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. അതേസമയം യുഡിഎഫിന്റെ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജൂൺ നാലിന് രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് അവതരണം ഉണ്ടാകും. 14ാം തിയതി വരെയാണ് സഭ ചേരുന്നത്.
തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി ചരിത്ര വിജയത്തോടെയാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത്. 41 എംഎൽഎമാരാണ് പ്രതിപക്ഷത്തിനുള്ളത്.ബിജെപിക്ക് കഴിഞ്ഞ സഭയിൽ അംഗം ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അതില്ല എന്നതും പ്രത്യേകതയാണ്.
യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്തിരുന്നു. സതീശൻ ഇന്ന് തിരുവനന്തപുരത്ത് നേതാക്കളുമായി ചർച്ച നടത്തും.