
തലശേരി: സംസ്ഥാനത്ത് വീണ്ടും ഡിജെ പാര്‍ട്ടികളും അവയുടെ മറവില്‍ ലഹരി കച്ചവടവും അനാശാസ്യവും സജീവമാകുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഡിജെ പാര്‍ട്ടികളാണ് അധികവും. ഇടപാടുകാര്‍ കൊച്ചിയില്‍ നിന്നും ചുവട് മാറ്റിയിരിക്കുന്നത് കണ്ണൂരിലേയ്ക്കാണ്. ഡിജെ പാര്‍ട്ടിയുടെ മറവില്‍ കര്‍ണാടകത്തില്‍ നിന്നും യുവതികളെ എത്തിച്ച് മാംസവ്യാപാരവും വ്യാപകമാണ്.
കണ്ണൂരിലെയും തലശേരിയിലെയും ചില റിസോര്‍ട്ടുകളിലും മറ്റ് രഹസ്യ കേന്ദ്രങ്ങളിലും അതീവ രഹസ്യമായി നടക്കുന്ന ഡിജെ പാര്‍ട്ടികളിലേക്ക് കര്‍ണാടകയില്‍ നിന്നുള്ള ലഹരി – സെക്‌സ് റാക്കറ്റുകളിലെ കണ്ണികളായ യുവതി-യുവാക്കളാണ് എത്തുന്നതെന്നാണ് രാഷ്ട്രദീപിക ക്രൈംസെല്ലിന് ലഭിച്ച വിവരം.
തലശേരിയിലെ ചില വീടുകള്‍ വാടകക്കെടുത്ത് പെണ്‍വാണിഭം സജീവമായിരിക്കുന്നത്. മംഗളൂരു, ബംഗളൂരു നഗരങ്ങളില്‍ നിന്ന് യുവതികളെ തലശേരിയിലെത്തിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്ന അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റ് തലശേരിയില്‍ സജീവമാണ്.നഗരത്തിലെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും ഇവര്‍ പെണ്‍വാണിഭം നടത്തി വരുന്നുണ്ട്. മണിക്കൂറിന് പതിനായിരവും ഒരു ദിവസത്തേക്ക് അര ലക്ഷം രൂപ വരേയുമാണ് സെക്‌സ് മാഫിയ ഈടാക്കുന്നത്.
തലശേരിയില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടികള്‍ ഡി ജെ പാര്‍ട്ടികളായി മാറിയത് കഴിഞ്ഞ വര്‍ഷം മുതലാണ്. ലഹരി മാഫിയയുടെ ആസൂത്രിത നീക്കമാണ് ഇതിന്റെ പിന്നില്‍. ഡിജെ പാര്‍ട്ടിയിലൂടെ ലഹരിമാഫിയയുടെ കണ്ണികളായി കുട്ടികളെ മാറ്റുന്നു. ആയിരം രൂപ പ്രവേശന ഫീസ് നിശ്ചയിച്ച് രഹസ്യമായി നടക്കുന്ന ഇത്തരം പാര്‍ട്ടികളിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നത് നിരവധി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥി – വിദ്യാര്‍ഥിനികളാണ്.
തലശേരിയിലും കണ്ണൂരിലുമുള്ള മാളുകള്‍ കേന്ദ്രീകരിച്ചാണ് ഡി ജെ പാര്‍ട്ടികളുടെ ആലോചനകളൂം കാന്‍വാസിംഗും നടക്കുന്നത്. നവ മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കുന്നു. തലശേരി പഴയ ബസ് സ്റ്റാന്‍ഡ്, ജൂബിലി ഷോംപ്പിങ്ങ് കോംപ്ലക്‌സ് പരിസരം, ഇറച്ചി മാര്‍ക്കറ്റ് ,നഗരത്തിലെ സ്‌കൂള്‍ പരിസരം,കോട്ട, സെന്റിനറി പാര്‍ക്ക്, സിവ്യൂ പാര്‍ക്ക്, തുടങ്ങിയ സ്ഥലങ്ങളിലും മയക്ക് മരുന്ന് വിപണനം സജീവമാണ്.