മദ്യം വില്ലനായപ്പോള്‍ തൃത്താലയില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഒരു മകന്. മദ്യലഹരിയില്‍ മകന്റെ ജീവനെടുത്തതാകട്ടെ സ്വന്തം അച്ഛനും. തൃത്താല വട്ടോളി കുഴിക്കാട്ടിരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. മേലേതില്‍ മുഹാരിയെന്ന 55കാരനാണ് മുപ്പത്കാരനായ മകന്‍ റിയാസിനെ വെട്ടിക്കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മുഹാരിയും റിയാസും മദ്യപിച്ചിരുന്നു. വീട്ടിലെത്തിയ ഇരുവരും കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി വഴക്കിട്ടു. വഴക്ക് മൂത്തപ്പോള്‍ മുഹാരി റിയാസിനെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റിയാസിന്റെ കാലിനാണ് വെട്ടേറ്റത്. എന്നാല്‍ അച്ഛനും മകനും ഒരുപോലെ മദ്യഹലരിയില്‍ ആയിരുന്നതിനാല്‍ മുറിവിന്റെ ആഴമോ ഗൗരവമോ ഇരുവര്‍ക്കും മനസ്സിലായില്ല. അച്ഛനും മകനും തമ്മില്‍ പതിവായി വഴക്കുണ്ടാവാറുള്ളതിനാല്‍ വീട്ടിലെ മറ്റുള്ളവര്‍ റിയാസിന് മുറിവേറ്റ കാര്യം ശ്രദ്ധിച്ചില്ല എന്നാണ് കരുതുന്നത്. രാത്രി ഉറങ്ങാന്‍ കിടന്ന റിയാസ് ചോര വാര്‍ന്നാണ് മരിച്ചത്. രാവിലെ ആണ് വീട്ടുകാര്‍ മരിച്ച നിലയില്‍ റിയാസിനെ കാണുന്നത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ മുഹാരിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.