ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിച്ച് സർക്കാർ ജീവനക്കാർ ഹാജർ നില രേഖപ്പെടുത്തണമെന്ന ഉത്തരവ് കുവൈത്തിലെ പള്ളികളിലും നടപ്പാക്കും. ജീവനക്കാരായ ഇമാം, മുഅദ്ദിൻ, ഖത്തീബ് എന്നിവർ ഓരോ നമസ്കാരത്തിന് മുമ്പും ശേഷവും ഫിങ്കർ പ്രിന്റ് മെഷിനിൽ ഹാജർ രേഖപ്പെടുത്തുന്ന തരത്തിലാണ് ഇത് നടപ്പാക്കുക. ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് ഇമാദിയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന് കീഴിലെ പള്ളികളിൽ സ്ഥാപിക്കാൻ 1600 ഫിംഗർ പ്രിന്റ് മെഷീനുകൾ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിട്ടുണ്ട്. ഫിങ്കർ പ്രിൻറ് സംവിധാനം നിർബന്ധമാക്കുന്നതിൽനിന്ന് പള്ളി ജീവനക്കാരെ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് സിവിൽ സർവ്വീസ് കമ്മീഷന് പ്രത്യേക അപേക്ഷ നൽകിയിരുന്നു. ഈ ആവശ്യത്തോട് കമ്മീഷൻ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്നാണ് ഇപ്പോഴിത് നിർബന്ധമാക്കേണ്ടിവന്നതെന്ന് ഇമാദി പറഞ്ഞു. മറ്റ് സർക്കാർ ഡിപ്പാർട്ടുമെന്റുകളെ പോലെ കാണേണ്ട മേഖലയല്ലാത്തതിനാലാണ് ജനങ്ങൾ പ്രാർഥനക്കെത്തുന്ന പള്ളികളെ ഇതിൽനിന്ന് മാറ്റി നിർത്തണമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ സർക്കാർ ശമ്പളം പറ്റുന്ന എല്ലാ ജീവനക്കാർക്കും നിയമം ബാധകമാണെന്ന കമ്മീഷന്റെ ഉറച്ച നിലപാടിന് മുമ്പിൽ മറ്റ് മാർഗങ്ങളുണ്ടായില്ല. അതേസമയം, മറ്റ് ഡിപ്പാർട്ടുമെന്റുകളിൽനിന്ന് വ്യത്യസ്തമായി പള്ളികളിലെ പ്രാർഥന സമയങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ മെഷിനുകളിലും അതിനനുസരിച്ച ക്രമീകരണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളികളിൽ നിയമം പ്രാബല്യത്തിലാകുന്നതോടെ ഓരോ നമസ്കാര സമയങ്ങളിലും ഇമാമും മുഅദ്ദിനും സ്ഥലത്തുണ്ടായിരിക്കൽ നിർബന്ധമാകും. നിലവിൽ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാര സമയമൊഴിച്ച് മറ്റ് പ്രാർഥന വേളകളിൽ ചില പള്ളികളിലെങ്കിലും ഇമാമും മുഅദ്ദിനും ഒരുമിച്ചുണ്ടാകാറില്ല. ഹാജർ നില രേഖപ്പെടുത്താനുള്ള സംവിധാനമില്ലാത്തതിനാൽ ജീവനക്കാർ പരസ്പര ധാരണയോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാറ്. ഒക്ടോബർ ഒന്ന് മുതൽക്കാണ് രാജ്യത്തെ എല്ലാ സർക്കാർ ഡിപ്പാർട്ടുമെന്റുകളിലും ഫിങ്കർ പ്രിന്റ് സംവിധാനം നിർബന്ധമാക്കിയത്.