ബി.ജെ.പി.ക്കുള്ളിലെ പൊട്ടിത്തെറി പുറത്തേക്ക്. വി. മുരളീധരന്‍ എം.പി. സംസ്ഥാനനേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തി. നേരത്തേതന്നെ ഇടഞ്ഞുനിന്ന വി. മുരളീധരനൊപ്പം ഒ രാജഗോപാലും എ.എന്‍ രാധാകൃഷ്ണനും ഭിന്ന സ്വരങ്ങളുയര്‍ത്തിക്കഴിഞ്ഞു. സബരിമല സമരത്തില്‍ നിന്നും പാര്‍ട്ടി പിന്നാക്കം പോയതും സമരത്തിന്റെ ലക്ഷ്യം സ്ത്രീ പ്രവേശനമല്ലെന്ന് പറഞ്ഞതുള്‍പ്പെടെ വലിയ വിമര്‍ശനം നേരിടുന്ന സമയത്ത് പാര്‍ട്ടിയ്ക്ക് കിട്ടുന്ന കനത്ത് അടിയാണ് ഈ ചേരിപ്പോര്.
സമരത്തില്‍നിന്ന് പിന്നാക്കംപോകുന്നു എന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി നേരിട്ട വലിയ ആരോപണം. ശബരിമലയില്‍നിന്ന് സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറിയത് കീഴടങ്ങലാണെന്നും സര്‍ക്കാരുമായി ഒത്തുതീര്‍പ്പാണെന്നുമാണ് പ്രചാരണം. ഇതില്‍ ആര്‍.എസ്.എസിന് പ്രതിഷേധമുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍, ആര്‍.എസ്.എസിന്റെ അനുമതിയോടെയാണ് ഇപ്പോഴത്തെ സമരം തീരുമാനിച്ചതെന്നാണ് സൂചന.
നേതാക്കളുടെ നിലപാടുമാറ്റം അണികളിലുണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. ഒപ്പം അത് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും കൂട്ടുന്നു. ശബരിമലയിലെ സംഘര്‍ഷം ഒഴിവാക്കി മുഖ്യമന്ത്രി വിചാരിച്ചിടത്ത് ബി.ജെ.പി.യുടെ സമരം എത്തിച്ചു എന്നത് സി.പി.എമ്മിനും സര്‍ക്കാരിനും നല്‍കുന്ന ആശ്വാസവും ചെറുതല്ല.
ശബരിമല സമരത്തില്‍നിന്ന് ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും പിന്മാറാനോ ഒത്തുതീര്‍പ്പുണ്ടാക്കാനോ കഴിയില്ലെന്നായിരുന്നു മുരളീധരന്‍ വെള്ളിയാഴ്ച പറഞ്ഞത്. സമരം കൂടുതല്‍ വ്യാപിപ്പിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വിശദീകരിച്ചു. പക്ഷേ, രാജഗോപാലാകട്ടെ, സമരവിഷയം യുവതീപ്രവേശമല്ലെന്നും അവിടത്തെ പോലീസ് നടപടിയുടെയും തീര്‍ഥാടകരുടെ സൗകര്യക്കുറവിന്റെയും പേരിലാണെന്നും വ്യക്തമാക്കി സമരത്തെ ലഘൂകരിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും അദ്ദേഹം കടത്തിപ്പറഞ്ഞു.
ഇതുവരെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് വഴങ്ങുന്ന നിലപാട് പാര്‍ട്ടിയില്‍ മറ്റാരും പരസ്യമായി പറഞ്ഞിട്ടില്ല. രാജഗോപാലിന്റെ വാക്കുകള്‍ പാര്‍ട്ടിയുടെ അനുമതിയോടെയാണോ എന്ന് വ്യക്തവുമല്ല. ശബരിമലയില്‍ സമരം പാടില്ലെന്ന നിലപാടാണ് തുടക്കംമുതലേ പാര്‍ട്ടിക്കുണ്ടായിരുന്നതെന്ന രാജഗോപാലിന്റെ വാക്കുകളും നേതൃത്വത്തിന് വിശദീകരിക്കേണ്ടിവരും.
സമരത്തെ ശബരിമലയില്‍നിന്ന് സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റിയതിനുപിന്നില്‍ ക്ഷേത്രങ്ങളിലെ വരുമാനക്കുറവും കാരണമായിട്ടുണ്ടെന്നാണ് സൂചന. ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞതും കാണിക്കവരവ് കുറഞ്ഞതും സമരത്തിന്റെ വിജയമായാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാല്‍, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വരുമാനം കുറയുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ നീങ്ങിയത് ബി.ജെ.പി. അനുകൂലികളായ ജീവനക്കാരില്‍ ആശങ്ക ജനിപ്പിച്ചു. മണ്ഡലകാലത്തുമാത്രം നല്ല വരുമാനം നേടിയിരുന്ന ചെറിയ ക്ഷേത്രങ്ങളിലെ വരുമാനത്തെയും സമരം ബാധിച്ചതും പാര്‍ട്ടിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചതായാണ് സൂചന.
നേതാക്കളുടെ ഭിന്നനിലപാട് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതുവരെ ശബരിമലയില്‍ പാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും നടത്തിയത് എന്തായിരുന്നു എന്നാണ് പാര്‍ട്ടി നേരിടുന്ന ചോദ്യം. ഏതായാലും രണ്ടാഴ്ചയായി ജയിലില്‍ കിടക്കുന്ന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പുറത്തിറക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. സുരേന്ദ്രനുവേണ്ടി പാര്‍ട്ടി ഒന്നും ചെയ്തില്ലെന്ന ആരോപണത്തില്‍നിന്ന് തലയൂരാന്‍ ഇതിലൂടെ കഴിയും.