
കൊച്ചി: ഭര്‍ത്താവായ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഭാര്യയായ മാധ്യമ പ്രവര്‍ത്തക നടത്തിയ ഓപ്പറേഷന്‍ ലീക്കായി. മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി സജീന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിപി സജീന്ദ്രന്റെ ഭാര്യയാണ് മാതൃഭൂമി ലേഖിക ലേബി സജീന്ദ്രന്‍. കൊച്ചിയിലെ തന്റെ സഹപ്രവര്‍ത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകര്‍ക്ക് പണം കൊടുക്കാനും ഈ ലേഖിക നിര്‍ദ്ദേശിക്കുന്നതായി കേള്‍ക്കാം. ഒമ്പത് മിനിറ്റോളം വരുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭര്‍ത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്.
ഭര്‍ത്താവിനെതിരായ നീക്കങ്ങളില്‍ സഹപ്രവര്‍ത്തകനായ
ഒരു ലേഖകനെ നീരീക്ഷിക്കണമെന്നും താനുമായി ഉടക്കുള്ളതിനാല്‍ പാരവയ്ക്കുന്നത് ഈ ലേഖകനായിരിക്കുമെന്നും സംശയം പ്രകടിപ്പിക്കുന്നു. പ്രാദേശിക ലേഖകരെ കൂടെ കൂട്ടാന്‍ 20000 രൂപ കൊടുക്കാനും ലേബി നിര്‍ദ്ദേശിക്കുന്നു. പണം കൊടുക്കുന്നത് കൊണ്ട് ഉപകാരമുണ്ടാകുമെന്നും സൂചിപ്പിക്കുന്നു. അവിടത്തെ മനോരമ ലേഖകനും വീക്ഷണം ലേഖകനും അനുകൂലമാണ് മറ്റുള്ളവരുടെ കാര്യം റെഡിയാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ യ്ക്ക് ഗള്‍ഫിലും യുകെയിലും വന്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നു പറയുന്ന ലേഖിക, പക്ഷെ അവരൊക്കെ ‘സൂക്ഷിച്ചു കളിക്കുന്നവര്‍’ ആണെന്ന സര്‍ട്ടിഫിക്കറ്റും കൊടുക്കുന്നു. ബെന്നി ബഹനാനും അജയ് തറയിലിനും സോളാര്‍ കേസിലെ സരിതയുമായി ബന്ധമുണ്ടെന്ന കാര്യം തനിയ്ക്ക് നേരത്തേ അറിയാമായിരുന്നുവെന്നും ലേബി പറയുന്നു. ജോസ് തെറ്റയിലിനെതിരായ വാര്‍ത്ത അന്ന് അങ്ങിനെ കൊടുത്തത് മാനേജ്‌മെന്റ് താല്‍പ്പര്യമാണെന്നും ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല. പല കോളുകള്‍ ഒരുമിച്ച് എഡിറ്റ് ചെയ്ത ക്ലിപ്പാണ് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയായിരുന്നു.