
ഇൻ്റർനെറ്റിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇൻ്റനെറ്റ് സേവനം നൽകിയതിനല്ല ഈ ഒന്നാം സ്ഥാനം മറിച്ച് ഇൻ്റർനെറ്റ് സേവനങ്ങൾ ഏറ്റവുമധികം റദ്ദ് ചെയ്ത രാജ്യം എന്ന നിലക്കാണ് ഇന്ത്യ സ്ഥാനം നേടിയിരിക്കുന്നത്. ആർട്ടിക്കിൾ 370 നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനായി ജമ്മു കശ്മീരിൽ ഇൻ്റർനെറ്റ് ബന്ധം വിഛേദിച്ചിട്ട് ഇന്ന് 137 ദിവസം തികയുന്നു.
ഇത് ലോക ജനാധിപത്യ ചരിത്രത്തിലെ തന്നെ ഏറ്റവും സുദീർഘമായ ഇൻ്റർനെറ്റ് നിരോധനമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2018 സെപ്റ്റംബറിലാണ് ഡിജിറ്റൽ കമ്യൂണിക്കേഷൻസ് നയത്തിനു കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. 7.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം, 40 ലക്ഷം തൊഴിലവസരങ്ങൾ, ഗ്രാമമേഖലകളിൽ 20 ലക്ഷവും നഗരങ്ങളിൽ 10 ലക്ഷവും വൈഫൈ സ്പോട്ടുകൾ, എല്ലാവർക്കും 50 എംബിപിഎസ് ബ്രോഡ്ബാൻഡ് എന്നിങ്ങനെ സ്വപ്ന സമാനമായ വാഗ്ദാനങ്ങളാണ് ഇവിടെ തകർന്നടിയുന്നത്.
നയമാകെ നിറഞ്ഞിരുന്നത് വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയായിരുന്നു. 5ജി വഴി അതിവേഗ ഇന്റർനെറ്റ് സേവനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത നയം പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പേരിലല്ല, മറിച്ച് ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്.
ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിരോധനങ്ങളിലൊന്ന് ഇപ്പോഴും തുടരുകയാണ് കശ്മീരിൽ. അതോടൊപ്പം അസം, ത്രിപുര, അരുണാചൽ പ്രദേശ്, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ വിലക്ക് കൂടിയായതോടെ രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ ഇന്ത്യയെ ഇപ്പോൾ വിശേഷിപ്പിക്കുന്നതിങ്ങനെ– ഇന്റർനെറ്റ് വിലക്കുകളുടെ ആസ്ഥാനം. നുണ വാർത്തകളും വ്യാജപ്രചാരണങ്ങളുമായി ജനങ്ങളെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ശ്രമമുണ്ടാക്കുമ്പോൾ സമാധാനം സംരക്ഷിക്കാനും അക്രമങ്ങൾ തടയാനും വേറെന്തു വഴിയെന്നു കേന്ദ്രവും വിമർശകരോട് തിരിച്ചു ചോദിക്കുന്നു. കഴിവ് കെട്ട ഒരു സർക്കാർ മാത്രമേ ജനങ്ങളുടെ വായമൂടിക്കെട്ടി വിമർശനങ്ങളെ തണുപ്പിക്കുന്ന വഴി തെരഞ്ഞെടുക്കുകയുള്ളൂ എന്നാണ് മറുപടി ലഭിക്കുന്നത്.