പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുടുംബ വിസ നിരസിക്കപ്പെട്ടെങ്കില്‍ നിങ്ങള്‍ക്ക് ഉടനടി ചെയ്യാവുന്നത് ഇതാണ്  

ഖത്തര്‍ : കുടുംബ വിസ നിരസിച്ചാല്‍ അതിന്റെ കാരണമറിയാന്‍ വീഡിയോ കോള്‍ സംവിധാനമൊരുക്കി ഖത്തര്‍. അല്‍ ഗരാഫയിലെ കുടുംബ വിസ കമ്മിറ്റിയുമായി നിങ്ങള്‍ക്ക് ആശങ്കകള്‍ പങ്കുവെയ്ക്കാം. എന്തുകൊണ്ടാണ് നിങ്ങളുടെ കുടുംബ വിസ അംഗീകരിക്ക പ്പെടാത്തതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കും.  പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളും നല്‍കും. പ്രശ്‌നപരിഹാരം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കാരവുമായി ഖത്തര്‍ രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കുടുംബ വിസ നിരസിച്ചതിന്റെ കാരണമറിയാന്‍ പ്രവാസികള്‍ അല്‍ഗരാഫയിലെ ഇമിഗ്രേഷന്‍ ഓഫീസില്‍ നേരിട്ടെത്തണം.  എന്നാല്‍ ഇതിനുള്ള ബുദ്ധിമുട്ടും കാലതാമസവുമെല്ലാം ഒഴിവാക്കാനാണ് വീഡിയോ കോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഒരു നിബന്ധനയുണ്ട്. വീഡിയോ കോള്‍ നടത്തണമെങ്കില്‍ ഓഫീസില്‍ വിളിച്ച് നേരത്തേ അനുമതി തേടണം. അല്‍ വഖ്‌റ സേവന കേന്ദ്രം മേധാവി ലഫ്റ്റനന്റ് കേണല്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍താനിയാണ് ഇക്കാര്യം അറിയിച്ചത്. 18538 പേരാണ് കഴിഞ്ഞവര്‍ഷം ഓഫീസില്‍ നേരിട്ടെത്തി കുടുംബ വിസ നിരസിച്ചതിന്റെ കാരണം തേടിയത്.

Top