ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. നൂറുദ്ദീന്‍ ഷെയ്ഖ് ആണ് പിടിയിലായത്. കൊച്ചിയില്‍ നിന്നും പിടികൂടിയ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം വയനാട് സ്വദേശി നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് നൂറുദ്ധീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സമൂഹമാധ്യമത്തില്‍ ഹനാനെതിരെയുളള പ്രചരണത്തിന് തുടക്കമിട്ടത് നൂറുദ്ധീന്‍ ആയിരുന്നു.
തനിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ ആദ്യമായി വ്യാജ പ്രചരണം നടത്തിയത് നൂറുദ്ധീന്‍ ഷെയ്ഖ് എന്ന വയനാട് സ്വദേശിയാണെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു. തനിക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്ന വിവരമാണിതെന്ന് നൂറുദ്ദീന്‍ ഷെയ്ക്ക് വെളിപ്പെടുത്തിയിരുന്നു.
ഇയാള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ വീഡിയോയ്ക്കുതാഴെ മോശം കമ്മന്റ് ഇട്ടവര്‍ക്കെതിരെയും വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ഇനിയും കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടി വരുമെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവര്‍ക്കെതിരെ ഹൈടെക് സെല്ലിന്റെ അന്വേഷണത്തിന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ ഉത്തരവിറക്കിയിരുന്നു.
ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഹനാനെ സംരക്ഷിക്കണമെന്നും എറണാകുളം ജില്ലാ കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇതിനോടകം കേസെടുത്തിട്ടുണ്ട്. ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണെന്നും എന്തും വിളിച്ചുപറയുന്നവരുടെ കേന്ദ്രമായി സോഷ്യല്‍ മീഡിയ മാറിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ഹനാനെ നാളെ നേരില്‍ക്കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹനാന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണെന്നും ജോസഫൈന്‍ പറഞ്ഞു.