
ലണ്ടൻ: ബ്രെക്സിറ്റ് കരാർ വൻഭൂരിപക്ഷത്തിൽ നിരാകരിക്കപ്പെട്ടെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരായ അവിശ്വാസപ്രമേയം പാർലമെന്റ് തള്ളി. 306ന് എതിരെ 325 വോട്ടുകൾക്കാണു പ്രമേയം തള്ളിയത്. ലേബർ നേതാവ് ജെറമി കോർബിൻ സർക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ച് പ്രധാനമന്ത്രി തെരേസാ മേ. 306ന് എതിരേ 325 വോട്ടുകൾക്കാണ് മേ പാർലമെന്‍റിൽ വിശ്വാസം നേടിയത്. ബ്രിട്ടീഷ് സർക്കാരിന്‍റെ 26 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
അതേസമയം, യൂറോപ്യൻ യൂണിയനുമായി വീണ്ടും ചർച്ച നടത്തണമെന്ന കോർബിന്‍റെ അഭിപ്രായത്തെ അദ്ദേഹത്തിന്‍റെ ലേബർ പാർട്ടിയിലെ 71 എംപിമാർ എതിർത്തു. രണ്ടാമതു ഹിതപരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം. തെരേസാ മേയിൽനിന്ന് എളുപ്പത്തിൽ അധികാരം പിടിച്ചെടുക്കാൻ കോർബിനു സാധിക്കില്ലെന്നു ചുരുക്കം. എന്നാൽ ബ്രിട്ടീഷ് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി നേരിട്ട മേയ്ക്ക് ഇനി ബ്രെക്സിറ്റ് എപ്രകാരം നടപ്പാക്കാനാവുമെന്നു വ്യക്തമല്ല. ഹൗസ് ഓഫ് കോമണ്‍സിൽ എട്ടുദിവസത്തെ ചർച്ചയ്ക്കുശേഷം ചൊവ്വാഴ്ച നടന്ന ബ്രെക്സിറ്റ് വോട്ടിംഗിൽ 432 പേർ എതിർത്തു വോട്ടു ചെയ്തപ്പോൾ 202 പേർ മാത്രമാണ് കരാറിനെ അനുകൂലിച്ചത്. പ്രതിപക്ഷത്തിനു പുറമേ മേയുടെ പാർട്ടിയിലെ നിരവധി എംപിമാർ എതിർത്തു വോട്ടുചെയ്തു.
ഇതിനുമുന്പു പാർലമെൻറിൽ ഇത്തരമൊരു പരാജയം സർക്കാരിനു സംഭവിച്ചത് 1924ലാണ്. അന്നു റാംസെ മക്ഡൊണാൾഡിന്‍റെ ലേബർ ഭരണകൂടത്തിനെതിരേ നടന്ന വോട്ടെടുപ്പിൽ ,സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെ 166 പേർ എതിർത്തു വോട്ടു ചെയ്തു. കമ്യൂണിസ്റ്റ് പത്രമായ വർക്കേഴ്സ് വിക്കിലിയുടെ എഡിറ്റർക്ക് എതിരേയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാനുള്ള സർക്കാരിന്‍റെ തീരുമാനത്തിനെതിരേയാണ് അന്നു വോട്ടെടുപ്പു വേണ്ടിവന്നത്. മാർച്ച് 29-ന് അർധരാത്രി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാനാണു നിലവിലുള്ള ധാരണ. വ്യക്തമായ കരാർ അതിനകം ഉണ്ടായില്ലെങ്കിൽ പരക്കെ കുഴപ്പമാകും. ബ്രിട്ടൻ ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിലേക്കാവും അങ്ങനെയൊരവസ്ഥയിൽ വീഴുക. കരാർ പെട്ടെന്നു സാധ്യമല്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിൻമാറ്റം നീട്ടിക്കൊണ്ടു പോകാൻ ബ്രിട്ടൻ ശ്രമിച്ചു കൂടായ്കയില്ല.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ, പാർലമെന്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ (432 – 202) തള്ളിയതു മേയുടെ ഭരണത്തുടർച്ച സംബന്ധിച്ച് അനിശ്ചിതത്വം ഉയർത്തിയിരുന്നു. നൂറു വർഷത്തിനിടെ ഒരു ബ്രിട്ടിഷ് പ്രധാനമന്ത്രി പൊതുസഭയിൽ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. തുടർന്നാണു പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിൻ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഇത് അതിജീവിച്ചതോടെ, അടുത്തയാഴ്ച മാറ്റങ്ങളോടെ പുതിയ കരാർ മേ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ.118 ഭരണകക്ഷി കൺസർവേറ്റീവ് എംപിമാർ ബ്രെക്സിറ്റിനെ എതിർത്തു വോട്ട് ചെയ്തെങ്കിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ അവർ പ്രധാനമന്ത്രിയെ പിന്തുണച്ചു. ബ്രെക്സിറ്റ് കരാറിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ലേബർ പാർട്ടി അധികാരത്തിലെത്താതിരിക്കാനായിരുന്നു ഇവർ പിന്തുണ നൽകിയത്. ഇവരുൾപ്പെടെ കൺസർവേറ്റീവ് പാർട്ടിയിലെ 314 അംഗങ്ങളും വടക്കൻ അയർലൻഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ 10 അംഗങ്ങളും ഒരു സ്വതന്ത്രനുമാണു മേയ്ക്ക് അനുകൂമായി വോട്ട് ചെയ്തത്.