രാജാവിനും തന്ത്രിക്കുമെതിരെ സ്വരം കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജാവും തന്ത്രിയും ഒരു സമുദായവുമാണ് ശബരിമല സമരങ്ങള്‍ക്കു പിന്നില്‍. മറ്റുള്ളവരെല്ലാം തെറ്റിദ്ധരിക്കപ്പെട്ട് ഇറങ്ങിയവരാണ്. ശബരിമലയില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരുമായും ചര്‍ച്ച നടത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ശക്തമായ പിന്തുണ നല്‍കുന്ന വ്യക്തിയാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാമജപ സമരത്തെ പിന്തുണക്കാതിരുന്ന വെള്ളാപ്പള്ളി വിശ്വാസികളായ സത്രീകള്‍ എത്തില്ല എന്ന നയമാണ് സ്വീകരിച്ചത്. കൂടാതെ ശബരിമലയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ആചാര ലംഘനങ്ങളും ആദിവാസികളെ ആട്ടിയോടിച്ചതും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
തങ്ങളെ ചര്‍ച്ചയ്ക്കു വിളിക്കാത്തതില്‍ പരിഭവമില്ല. ശബരിമലയില്‍ സമാധാനം പുലരണമെന്നതുമാത്രമാണ് ആഗ്രഹം. ഇപ്പോഴത്തെ കോടതിവിധിയില്‍ വിജയം അവകാശപ്പെടുന്നവര്‍ എന്തിനായിരുന്നു ഇതുവരെയുള്ള സമരമെന്ന് ജനങ്ങളോടു വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോടതിവിധി നടപ്പാക്കണമെന്ന ഭരണഘടനാ നിലപാടു മാത്രം സ്വീകരിച്ച സര്‍ക്കാരിനെതിരേയായിരുന്നു വിഷംചീറ്റിയുള്ള സമരം. വിയോജിപ്പുകളേറെയുണ്ടെങ്കിലും ശബരിമലവിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തെറ്റുകാണാനാകുന്നില്ല. പുതിയ സാഹചര്യത്തില്‍ വിവേകമുള്ളവര്‍ സമരം അവസാനിപ്പിച്ച് സമാധാനത്തിനായി ശ്രമിക്കണമെന്നും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളില്‍ വിവേകത്തോടെ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ ദലിത് മേല്‍ശാന്തിയെ നിയമിക്കണമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എന്‍.ഡി.പി.യോഗം മുന്നിട്ടിറങ്ങുമെന്നും വെള്ളാപ്പള്ളി നടേശന്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ആദ്യമായി നിയമനം ലഭിച്ച പിന്നാക്കവിഭാഗങ്ങളിലെ പൂജാരിമാര്‍ക്ക് എസ്.എന്‍.ഡി.പി.യോഗം ശ്രീനാരായണ വൈദികസമിതി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രപ്രവേശനത്തിന്റെ 82-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ക്ഷേത്രങ്ങള്‍ സവര്‍ണ മേധാവിത്വത്തിന്റെ പിടിയിലാണ്. സവര്‍ണ കൗശലത്തിലെ ബലിയാടുകളാണ് പിന്നാക്കവിഭാഗങ്ങള്‍. ശബരിമല വിഷയത്തിലും നടക്കുന്നത് സവര്‍ണാധിപത്യത്തിനുള്ള നീക്കങ്ങളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.