
കാസര്‍കോട് :കാസറഗോഡ് ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്നും മോഷ്ടിച്ച അഞ്ചു കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നതില്‍ മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു. ചെര്‍ക്കളയിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി കുടക് സ്വദേശിയെ അറസ്റ്റ് ചെയ്തു. കവര്‍ച്ചയുടെ സൂത്രധാരന്‍ കാഞ്ഞങ്ങാട്ടെ ജ്വല്ലറി കവര്‍ച്ചകേസിലെയും പ്രതിയാണ്.ബാങ്കിന്റെ താഴത്തെ നിലയിലെ കടമുറികള്‍ വാടകയ്ക്കെടുത്തയാള്‍ തന്നെയാണ് പിടിയിലായത് എന്നാല്‍, ഇയാള്‍ കട ഉടമയോടും പരിസരവാസികളോടും പറഞ്ഞ, ഇസ്മായില്‍ എന്ന പേര് വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കവര്‍ച്ചയ്ക്കുള്ള രണ്ടാം ശ്രമമാണ് വിജയത്തിലെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കവര്‍ച്ച നടത്താനുള്ള ആദ്യശ്രമം ശനിയാഴ്ച രാവിലെയായിരുന്നു. ഈ സമയം അലാം മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ചു സംഘം പുറത്തേക്കു പോവുകയായിരുന്നുവെന്നാണ് നിഗമനം. തിരിച്ചെത്തി വീണ്ടും സ്ട്രോങ് മുറിയിലേക്കു കയറിയ മോഷ്ടാക്കള്‍ ആദ്യം തന്നെ അലാം നശിപ്പിക്കുകയായിരുന്നുവത്രെ. ആദ്യശ്രമം ഉപേക്ഷിച്ചു മടങ്ങിയ സംഘത്തിന്റെ കയ്യില്‍ തന്നെയായിരുന്നു ഗോള്‍ഡ് സേഫിന്റെ താക്കോല്‍.
ഇതിനിടെ, ശനിയാഴ്ച രാവിലെ കടമുറിയില്‍ നിന്നു പുറത്തേക്കു പോകുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. കവര്‍ച്ച ചെയ്ത സാധനങ്ങള്‍ പുറത്തേക്കു കൊണ്ടുപോകുന്ന ദൃശ്യമാവാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലുണ്ടെങ്കിലും കവര്‍ച്ച മുതലുമായി ഇവര്‍ പുറത്തേക്കു കടന്നതെപ്പോള്‍ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നു. കാഞ്ഞങ്ങാട്ടെ രാജധാനി കവര്‍ച്ചക്കേസിലെ പ്രതികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.