തന്റെ കിടപ്പു മുറിയിലെ കട്ടിലിന്റെ അറയില്‍ സ്ത്രീയുടെ മൃതദേഹം കിടക്കുന്നതറിയാതെ ദിനേഷ് കുമാർ എന്ന വ്യവസായി കഴിഞ്ഞത് അഞ്ച് നാൾ. മുറിയിലാകെ രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിലുള്ള അറയിൽ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ദിനേശ് കുമാറിന്റെ ഡ്രൈവറുടെ ഭാര്യ ബബിത(25)യുടെ മൃതദേഹമാണ് കട്ടിലിനടിയിൽ ഉണ്ടായിരുന്നത്. ബബിതയും ഭര്‍ത്താവ് രാജേഷ് കുമാറും ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഗുരുഗ്രാമിലെ ജൽ വിഹാർ കോളനിയിലെ സെക്ടർ 46ലാണ് സംഭവം. ബബിത ഒന്നര മാസം ഗര്‍ഭിണി ആയിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. യുവതി കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു.
കഴുത്തില്‍ കയറ് കുരുക്കിയതിന്റെ പാടുകളുണ്ട്. രാജേഷ് കുമാർ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒളിവിലാണ്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബബിതക്ക് വിവാഹേതര ലൈംഗിക ബന്ധമുണ്ടെന്ന് സംശയിച്ച രാജേഷ് കുമാർ ഭാര്യയെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നെന്ന് ബബിതയുടെ പിതാവ് പൊലീസിന് മൊഴി നൽകി.
ആദ്യം വിവാഹമോചനം നേടിയ ബബിതയുടേയത് പുനര്‍വിവാഹമാണ്. ആദ്യ ഭര്‍ത്താവില്‍ ജനിച്ച കുട്ടി ബബിതയുടെ രക്ഷിതാക്കള്‍ക്ക് ഒപ്പമാണ് ജീവിക്കുന്നത്.