ശിവഗിരി മഠത്തിനെ അപകീര്‍ത്തിപ്പെടുത്തി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലിനെതിരെ നിയമ നടപടി. ശിവഗിരി മുന്‍ മഠാധിപതിയും മുഖ്യ ആചാര്യനുമായ പ്രകാശാനന്ദ സ്വാമികള്‍ക്കെതിരെ ഓണ നാളിലാണ് വ്യാജ വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. ഓണ്‍ലൈന്‍ ചാനലായ കര്‍മ്മ ന്യൂസാണ് വ്യാജവാര്‍ത്ത നല്‍കിയത്. വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ് ഇവര്‍ വാര്‍ത്ത സൃഷ്ടിച്ചതെന്ന് ശിവഗിരി മഠം അധികൃതര്‍ വെളിപ്പെടുത്തി. ശക്തമായ നിയമ നടപടികളാണ് മഠം ഇതിനെതിരെ കൈക്കൊള്ളുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രകാശാനന്ദ സ്വാമികളെക്കുറിച്ചാണ് വാര്‍ത്ത ചമച്ചത്. മഠത്തിന് കീഴില്‍ തന്നെയുള്ള ആശുപത്രിയിലാണ് പ്രകാശാനന്ദ സ്വാമികള്‍ ചികിത്സയിലിരുന്നത്. നൂറ് വയസ്സിനോടടുത്ത് പ്രായമുള്ള സ്വാമികള്‍ ആശുപത്രിയിലാകുന്നതിന് മുമ്പുവരെ തന്റെ കാര്യങ്ങളെല്ലാം സ്വന്തമായി ചെയ്തിരുന്ന ആളാണ്. സ്വാശ്രയത്വം പഠിപ്പിക്കുകയും ജീവിത ചര്യയാക്കുകയും ചെയ്തിരുന്ന മഠത്തിലെ പ്രധാന വ്യക്തി എഴുന്നേല്‍ക്കാനുള്ള സഹായത്തിന് പോലും ആരുടേയും കൈ പിടിക്കാതിരിക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല.
എന്നാല്‍ ഈ സാഹചര്യങ്ങളെ മുതലെടുത്ത് സ്വാമികളെ വിഷയത്തെക്കുറിച്ച് പ്രചരിച്ച ഒരു വീഡിയോ ഉപയോഗിച്ച് വ്യാജ വാര്‍ത്ത ചമയ്ക്കുകയാണ് ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ചെയ്തത്. വീഡിയോ ചിത്രീകരിച്ചത് ആരെന്നത് വ്യക്തമായിട്ടില്ലെങ്കിലും കര്‍മ്മ ന്യൂസുമായി ഇതിനുള്ള ബന്ധവും അന്വേഷണ പരിധിയില്‍ വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഉടുപ്പ് ധരിക്കുന്ന ശീലമില്ലാത്ത സ്വാമികള്‍ ഷര്‍ട്ട്‌പോലുമില്ലാതെ ആരും തിരിഞ്ഞ് നോക്കാനില്ലാതെ കിടക്കുകയാണെന്നാണ് വാര്‍ത്തയില്‍ ആരോപിച്ചിരുന്നത്.
ശിവഗിരി മഠത്തിനെയും സന്യാസ വൃന്ദങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം മറ്റ് ഏതെങ്കിലും കേന്ദജ്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയുടെ ഫലമാണോ പുറത്ത് വന്ന വ്യാജവാർത്തയെന്നും സംശയം ബലപ്പെടുകയാണ്. മറ്റു വാർത്തകളിലെപ്പോലെ കേവലം പണം വാങ്ങാനുള്ള രീതിയിലല്ല വാർത്ത പുറത്ത് വിട്ടതെന്നതാണ് സംശയത്തിന് ബലം നൽകുന്നത്.
വ്യാജ വാര്‍ത്തകളുടെ പേരില്‍ അന്വേഷണം നേരിടുന്ന ഈ ചാനൽ, പണം വാങ്ങി വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നെന്ന ആരോപണവും നേരിടുകയാണ്. നേരത്തെ ശാന്തിഗിരി ആശ്രമത്തിനെതിരെയും മറ്റ് ചില മത സ്ഥാപനങ്ങൾക്കെതിരെയും ഇവർ വ്യാജ വാർത്ത ചമച്ചിട്ടുണ്ട്. കേരള സർക്കാർ ലോട്ടറിക്കെതിരെ വ്യാജ വാർത്ത ചമച്ച പ്രശ്നത്തിൽ നോട്ടപ്പുള്ളിയാണ് ഇവർ.