
ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന വെടിവയ്പ്പിനെത്തുടർന്ന് വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്ത ദേശീയ ടിവി ചാനലായ റിപ്പബ്ലിക് ചാനലിനെതിരെ വിമർശനം ഉയരുന്നു. വെടിയുതിർത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഒരാളാണെന്ന രീതിയിലാണ് റിപ്പബ്ലിക് ചാനൽ വാർത്ത നൽകിയത്. വാർത്തയിൽ വെടിവയ്പ്പിൻ്റെ വീഡിയോ അടക്കം നൽകിയാണ് വ്യാജമായ റിപ്പോർട്ടിംങ് നടത്തിയത്.
വാസ്തവവിരുദ്ധമായ വാർത്ത നൽകിയതിന് അർണബ് ഗോസ്വാമിക്കെതിരെയും റിപ്പബ്ലിക് ചാനലിന് എതിരെയും നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രതികരിച്ചിരുന്നു. ഏറ്റവും ഒടുവിലായി റിപ്പബ്ലിക് ചാനലിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയാണ്. ട്വിറ്റർ കുറിപ്പിലാണ് റിപ്പബ്ലിക് വാർത്ത ചാനലിനെതിരെ രാജ്ദീപ് സർദേശായി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
“കഴിഞ്ഞ ഏതാനും മണിക്കൂറുകൾ ജാമിയയിൽ നിന്ന് റിപ്പോർട്ടു ചെയ്യാൻ കഴിഞ്ഞ എനിക്ക് ഒരു കാര്യമേ പറയാൻ ഉളളൂ, പരിഷ്കൃത ജനാധിപത്യ രാജ്യങ്ങളിൽ കുറഞ്ഞത് 6 മാസമെങ്കിലും ഈ ചാനലിനെ വിലക്കാൻ ഈ വ്യാജവാർത്ത മാത്രം മതി! കൊടുംവിഷം.” രാജ്ദീപ് സർദേശായി ട്വിറ്റർ കുറിപ്പിൽ പറഞ്ഞു. രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്ന ഇത്തരം വ്യാജ വാർത്തകൾ ആദ്യമായല്ല റിപ്പബ്ലിക് ചാനൽ പുറത്ത് വിടുന്നത്.