വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് സൗദി റിയാലും അമേരിക്കന്‍ ഡോളറും മൊബൈല്‍ ഫോണും വലിച്ചെറിഞ്ഞ നവവരന്‍ പുലിവാല് പിടിച്ചു  

 

 

പഞ്ചാബ് : വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് മൊബൈല്‍ ഫോണുകളും വിദേശ പണവും വാരിവലിച്ചെറിഞ്ഞ നവ വരന്‍ ഒടുവില്‍ പുലിവാല്‍ പിടിച്ചു. പങ്കെടുക്കാന്‍ വന്നവരുടെ തിക്കിനും തിരക്കിനെയും തുടര്‍ന്ന് വിവാഹം വാര്‍ത്താ കോളങ്ങളില്‍ ഇടം നേടിയതോടെ വരന്റെയും ബന്ധുക്കളുടെയും വരുമാന സ്രോതസ്സുകളെ കുറിച്ചും നികുതി ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്താന്‍ ഇന്‍കം ടാക്‌സ് വകുപ്പ് തീരുമാനിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കാന്‍പുര നഗരത്തിലാണ് കല്യാണം വ്യത്യസ്ഥമാക്കാന്‍ വരനും ബന്ധുക്കളും ഇത്തരത്തിലൊരു വഴി സ്വീകരിച്ചത്. വിവാഹത്തിന് വരുന്നവര്‍ക്കെല്ലാം വേദിയില്‍ നിരനിരയായി നിന്ന് വരനും സഹോദരങ്ങളും വിദേശ പണവും മൊബൈല്‍ ഫോണുകളും എറിഞ്ഞ് നല്‍കുകയായിരുന്നു. അമേരിക്കന്‍ ഡോളറുകളും സൗദി റിയാലുമാണ് ഇവര്‍ ജനങ്ങളുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞത്. ഇതിനോടൊപ്പം മൊബൈല്‍ ഫോണുകളും എറിയും. വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ വിവാഹ വേദിയിലെത്തിയതോടെ പങ്കെടുക്കാനെത്തിയവര്‍ തമ്മില്‍ ഉന്തും തള്ളുമായി. സ്ഥിതി സംഘര്‍ഷമയമായതിനെ തുടര്‍ന്ന് വിവാഹം വാര്‍ത്തകളില്‍ ഇടം നേടി. വരന്റെ ഏഴ് സഹോദരന്‍മാരില്‍ നാല് പേര്‍ അമേരിക്കയിലാണ്. ബാക്കി മൂന്ന് പേര്‍ സൗദിയിലാണ്. ഇതിനാലാണ് ഈ രണ്ട് രാജ്യത്ത് നിന്നുള്ള പണവും വിവാഹ വേദിയിലെത്തിയത്. പാക്കിസ്ഥാനില്‍ നിരവധി പേരാണ് തങ്ങളുടെ വിവാഹം വ്യത്യസ്ഥമാക്കാന്‍ വന്‍ തുകകള്‍ ചിലവഴിക്കുന്നത്. പലരും ഇത്തരം ആര്‍ഭാടങ്ങള്‍ നടത്തി വിവാഹത്തിന് ശേഷം തീരാ കടങ്ങള്‍ക്ക് അടിമപ്പെടാറുണ്ടെന്നും പൊലീസ് അധികാരികള്‍ പറഞ്ഞു.

https://youtu.be/VzFi6P2X5fs

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top