
പെരുമ്പാവൂർ: ആറ് വയസ്സുകാരിയായ മകളെ ഉപദ്രവിച്ചെന്ന് പരാതിപ്പെട്ടപ്പോൾ ‘പ്രതി’യായ തമിഴ്‌നാട്ടുകാരനെ കൈകാര്യം ചെയ്ത് വിരട്ടി ഓടിച്ചു. അംഗൻവാടി ജീവനക്കാരി വിവരം അറിഞ്ഞെന്നായപ്പോൾ പരാതിക്കാരിയായ മാതാവിനെ വിളിച്ചു വരുത്തി 2000 രൂപ വാഗ്ദാനം ചെയ്ത് തണുപ്പിക്കാൻ ശ്രമിച്ചെന്നും ആക്ഷേപം. രണ്ടാഴ്ച മുമ്പ് നടന്ന കൊടുംക്രൂരത സ്വന്തം നിലയിൽ കൈകാര്യം ചെയ്ത് തമിഴ്‌നാട് ശൈലിയിൽ ‘നാട്ടമ’ കളിച്ച സി പി എം ജനപ്രതിനിധിയുടെ നീക്കത്തിന് പിന്നിൽ അടിമുടി ദൂരൂഹതയെന്ന് പരക്കെ ആരോപണം. സംഭവത്തിൽ കേസെടുത്തെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ്. ഇതര സംസ്ഥാന കരാർ ജോലിക്കാരന്റെ 6 വയസുകാരിയായ മകൾ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിലാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. തങ്ങൾ താമസിച്ചിരുന്നതിന്റെ അടുത്ത മുറിയിൽ താമസിച്ചിരുന്ന തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയാണ് മകളെ പീഡിപ്പിച്ചതെന്നാണ് മാതാവിന്റെ വെളിപ്പെടുത്തൽ.പീഡനത്തിനിരയായ കുട്ടിയുടെ കുടുമ്പവും തമിഴ്‌നാട്ടുകാരനും താമസിച്ചിരുന്നത് ജനപ്രതിനിധി ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നെന്നാണ് പുറത്തായ വിവരം. സംഭവത്തിൽ കേസെടുത്തെന്നും വൈദ്യപരിശോധനയിൽ പെൺകുട്ടി ക്രൂരരമായ ലൈംഗിക പീഡനത്തിന് വിധേയായതായി ബോദ്ധ്യപ്പെട്ടെന്നും പെരിമ്പാവൂർ പൊലീസ് അറിയിച്ചു. 15 ദിവസം മുമ്പ് നടന്ന സംഭവം ഒതുക്കിത്തീർക്കാൻ ജനപ്രതിനിധി ഇടപെട്ടതായുള്ള ആക്ഷേപം മേഖലയിലെ സി പി എം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് ബിജെപി പ്രദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. രഹസ്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് മകൾ അറിയച്ചതിനെത്തുടർന്ന് മതാവ് നടത്തിയ വിവര ശേഖരണത്തെത്തുടർന്നാണ് പീഡന വിവരം വെളിച്ചത്തായത്. ഏറെ വേദനിപ്പിച്ച സംഭവം ഇവർ ആദ്യം അറിയിച്ചത് മെമ്പറെ ആയിരുന്നെന്നും ഇയാൾ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശിയെ ചെറിയ രീതിയിൽ കൈകാര്യം ചെയ്ത് പറഞ്ഞയക്കുകയായിരുന്നെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ദിവസങ്ങൾ പിന്നിട്ടശേഷം കുട്ടിയുടെ മാതാവ് വിവരം കുട്ടി പഠിച്ചിരുന്ന അംഗൻവാടിയിലെ ജീവനക്കാരിയെ ധരിപ്പിച്ചെന്നും ഇവർ വിവരം ചൈൽഡ്‌ലൈന് കൈമാറിയെന്നും തുടർന്നാണ് സംഭവത്തിൽ ഇപ്പോൾ പൊലീസ് ഇടപെട്ടിട്ടുള്ളതെന്നുമാണ് പുറത്തായ വിവരം. സംഭവം പുറത്തറിഞ്ഞുതുടങ്ങിയപ്പോൾ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാവിനെക്കണ്ട് മെമ്പർ 2000 രൂപ നൽകി, പൊലീസിൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നും പിൻതിരിപ്പിച്ചതായിട്ടും ആരോപണ മുയർന്നിട്ടുണ്ട്. തന്റെ കെട്ടിടത്തിൽ ഉണ്ടായ സംഭവം പുറത്തറിയുന്നത് പൊതുസമൂഹത്തിൽ അവമതിപ്പ് സൃഷ്ടിക്കുമെന്ന് ഭയന്നാണ് മെമ്പർ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കത്തുവ പീഡനത്തിൽ കൊല്ലപ്പെട്ട ആസിഫക്ക് നീതി ലഭിക്കുന്നതിനായി നടത്തിയ വിവിധ പ്രകടനങ്ങളിൽ ഇതേ ജനപ്രതിനിധി പങ്കെടുത്തെന്നും തൊട്ടു കണ്മുന്നിൽ നടന്ന മറ്റൊരു മഹാപാതകം മൂടിവച്ച് , ഇവിടെ നടന്ന പ്രതിഷേധത്തിൽ മെമ്പർ പങ്കെടുത്തത് ന്യായികരിക്കാനാവാത്ത അപരാധമാണെന്നാണ് എതിർ ചേരിക്കാരുടെ പ്രചാരണം.