
വ്യാജ സിനിമാ പതിപ്പ് ഇറക്കുന്നവര്‍ക്കെതിരെ കേസ് കൊടുത്തിട്ടൊന്നും വല്ല്യ കാര്യമില്ലെന്ന് പ്രശസ്ത താരം ജോയ് മാത്യു. നിയമം പലരെയും രക്ഷിക്കുകയാണ് ചെയ്യുന്നത്. പരാതി നല്‍കാന്‍ പോകുന്നതിനെക്കാള്‍ നല്ലത്, ഇവന്‍മാരുടെ പ്രൊഫൈല്‍ നോക്കി അവനെയോ അവന്റെ ബന്ധുക്കളെയോ നല്ല രീതിയില്‍ ഒന്ന് കണ്ടാല്‍ സംഗതി ക്ലീനാകുമെന്നും ജോയ് മാത്യു പറയുന്നു.
ലീലയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയതിനെതിരെ പ്രതികരിക്കുകയായിരുന്നു ജോയ് മാത്യു. ലീല സിനിമയുെട വ്യാജന്‍ മൂലം നിര്‍മാതാവിന് സംഭവിച്ച നഷ്ടം കുറച്ച് കാണരുതെന്നും അത് ലോകമെമ്പാടുമുള്ള സിനിമാസ്‌നേഹികളോടുള്ള ക്രൂരതയായി വേണം കാണുവാനെന്നും ജോയ് മാത്യു പറയുന്നു. വ്യാജ പതിപ്പുകാരെ പിടിക്കുവാനും നിയമ നടപടിയെടുക്കുവാനും നിയമത്തില്‍ വ്യവസ്ഥയുണ്ട് എന്ന് ആഭ്യന്തരമന്ത്രിയും നിയമവും പറയുമ്പോള്‍ തന്നെ ഇവര്‍ക്കൊക്കെ രക്ഷപ്പെടാന്‍ നിയമത്തിന്റെ തന്നെ പഴുതുകളും ഉണ്ടെന്നുള്ളതാണ് സത്യമെന്നും ജോയ് മാത്യു പറയുന്നു.
പ്രേമം സിനിമയുടെ വ്യാജന്‍ പകര്‍ത്തിയവര്‍ ഇപ്പോള്‍ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നു. എന്തൊക്കെ കോലാഹലങ്ങള്‍ സൃഷ്ടിച്ചു, എന്നിട്ട് എന്തായി. വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നതും മലയാളി, അതിന് കടക്ക് കത്തിവെക്കുന്നതും മലയാളി, വെറുതെയല്ല നാം നന്നാവാത്തതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മലയാള സിനിമ എക്കാലവും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് വിതരണത്തെ സംബന്ധിക്കുന്ന പ്രശ്‌നം. മറ്റേത് ഉല്‍പ്പന്നവുമെന്ന പോലെ സിനിമയുടേയും എന്‍ഡ് പോയിന്റ് വിതരണക്കാരനിലാണ്. നൂറു ദിവസം ഓടിയ സിനിമകള്‍ക്ക് പോലും നഷ്ടത്തിന്റെ കണക്കു നിര്‍മാതാക്കള്‍ക്ക് നല്‍കുന്നവരാണ് അധികവുമെന്ന് ജോയ് പറയുന്നു.