തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സിഎജി നല്‍കിയ റിപ്പോര്‍ട്ടിന് പിന്നില്‍ കൊളംബോ ലോബി. വിഴിഞ്ഞം പദ്ധതിയും കരാറും അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമിക്കുന്നു എന്ന് പഴി കേട്ട എജി ഓഫീസിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ സിഎജി റിപ്പോര്‍ട്ടിലുണ്ടെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ ശതകോടികളുടെ നഷ്ടം സംഭവിക്കുന്ന കൊളംബോ തുറമുഖലോബിക്ക് കേരളത്തില്‍ തന്നെ പല ഏജന്റുമാരുമുണ്ടെന്നത് ഒരു രഹസ്യമല്ലെന്നും പദ്ധതിക്കെതിരെ നടന്ന നിയമയുദ്ധത്തിന് പിന്നില്‍ ഈ ഏജന്റുമാരായിരുന്നുെന്നും റിപ്പോര്‍ട്ട്.
വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്ന വാരികയില്‍ എ.ജി ഓഫീസിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്റേതായി 2015ല്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലെ വസ്തുതാപരമായ പിശകുകള്‍ പോലും അതേപടി സി.എ.ജി റിപ്പോര്‍ട്ടിലും കടന്നുകൂടിയിട്ടുണ്ട്. ടീമിന്റെ ഭാഗമായി ആകെ എട്ട് ദിവസം മാത്രമാണ് ഈ വ്യക്തി ഉണ്ടായിരുന്നതെങ്കിലും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ പലതും അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ അവതരിപ്പിച്ചവയാണ്.
1463 കോടി രൂപ ചെലവില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന മത്സ്യബന്ധന തുറമുഖം ഉപയോഗിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ യൂസര്‍ ഫീ നല്‍കണം, സ്വതന്ത്ര ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് കരാറില്‍ വ്യവസ്ഥയില്ല തുടങ്ങിയ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ടിലുമുണ്ട്.
ഏജീസ് ഓഫീസില്‍ നിന്ന് സീനിയര്‍ ഓഡിറ്റ് ഓഫീസറായി വിരമിച്ച ആളെ എക്‌സ്റ്റേണല്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് പരിശോധനാസമിതിയില്‍ ഉള്‍പ്പെടുത്തിയത്. വിരമിച്ച ശേഷവും സ്ഥിരമായി ഓഫീസില്‍ കയറി ഇറങ്ങിയിരുന്ന അദ്ദേഹത്തെ ഓഫീസ് ഇടപാടുകളില്‍ അടുപ്പിക്കരുതെന്ന് മുന്‍ എജി നിര്‍ദ്ദേശിച്ചിരുന്നു. നിക്ഷിപ്ത താല്പര്യങ്ങളുമായി പരിശോധനാ സംഘങ്ങളെ സ്വാധീനിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു നിര്‍ദ്ദേശം. അനഭിമതനായ ഒരാളെ പുറത്ത് നിന്നുളള കണ്‍സള്‍ട്ടന്റായി നിയമിച്ചതിലെ അപാകത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് എട്ടാം ദിവസം സംഘത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. എട്ട് ദിവസത്തേക്ക് ദിവസം ആയിരം രൂപ വച്ച് എണ്ണായിരം രൂപ പ്രതിഫലവും നല്‍കി.
പരസ്യമായി പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന വ്യക്തിയെ പരിശോധനാസമിതിയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഏതോ ഗൂഢശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. സാധാരണഗതിയില്‍ നിയമന ഉത്തരവില്‍ തന്നെ കണ്‍സള്‍ട്ടന്റിന്റെ ചുമതലയും ഉത്തരാവാദിത്വവും വ്യക്തമാക്കിയിരിക്കും. എന്നാല്‍, ഈ നിയമനത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.
കണ്‍സള്‍ട്ടന്റായി നിയമനം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ വിഴിഞ്ഞം തുറമുഖ ഓഫീസില്‍ എത്തി ഫയലുകള്‍ പരിശോധനയ്ക്കായി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ സി.എ.ജിക്ക് പരാതി നല്‍കിയിയ ആളാണ് ഫയലുകള്‍ ആവശ്യപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ വഴങ്ങാന്‍ മടിച്ചപ്പോള്‍ എക്‌സ്റ്റേണല്‍ കണ്‍സള്‍ട്ടന്റ് ആണെന്നും ഫയലുകള്‍ പരിശോധിക്കാന്‍ അധികാരമുണ്ടെന്നുമുളള ഭീഷണിയായിരുന്നു പ്രതികരണം.
പരിശോധനാ സമിതിയില്‍ നിന്ന് ദിവസങ്ങള്‍ക്കകം ഒഴിവാക്കപ്പെട്ടെങ്കിലും അദ്ദേഹം തന്നെയാണ് റിപ്പോട്ടിലെ പ്രധാന ഭാഗങ്ങള്‍ തയ്യാറാക്കിയതെന്ന സംശയം നിലനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ അടിസ്ഥാനരഹിതമായ വാദഗതികള്‍ റിപ്പോര്‍ട്ടില്‍ കടന്നുകൂടിയതാണ് സംശയത്തിന് കാരണം.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാകാന്‍ സാദ്ധ്യതയുളളത് കൊളംബോ തുറമുഖത്തിനാണ്. കൊളംബോ ലോബി പല തരത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് എതിരായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ വഴിയും നേരത്തെ വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. കോടികള്‍ മുടക്കാന്‍ ഈ ലോബി സന്നദ്ധമാണെന്നാണ് അനുമാനം.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിന് ഇടയില്‍ പല സര്‍ക്കാരുകള്‍ പലകുറി ശ്രമിച്ചിട്ടും വിഴിഞ്ഞത്തിന് നിര്‍മ്മാണ കരാറുകാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍, നഷ്ടസാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് അടക്കം നല്‍കാന്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് കരാര്‍ സാദ്ധ്യമായത്. സര്‍ക്കാരിന്റെ വാദം പോലും ശരിയായി കേള്‍ക്കാതെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനാണെന്ന സംശയം ശക്തമാണ്.