ന്യൂഡല്‍ഹി: ചാലക്കുടി അതിരപ്പിള്ളി വൈദ്യുതി പദ്ദതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. പദ്ധതിക്കെതിരെ ചാലക്കുടി പുഴ സംരക്ഷണ സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും നീണ്ടകാലമായി സമരത്തിലായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അനുമതിക്ക് ശിപാര്‍ശ ചെയ്തത്. പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതി വിദഗ്ധ സമിതി തള്ളി. ഇതോടെ പദ്ധതി ഉടന്‍ നടപ്പിലാവും.
അതിരപ്പള്ളിയില്‍ 163 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നത്. എന്നാല്‍, അതിരപ്പിള്ളി മേഖല അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന് വ്യക്തമാക്കി ഡോ. മാധവ് ഗാഡ്ഗില്‍ സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം രണ്ടു തവണ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, വേനല്‍ക്കാലത്തെ ജലലഭ്യത കണക്കാക്കി പദ്ധതികള്‍ക്ക് അനുമതി നല്‍കാമെന്ന നിലപാടാണ് കസ്തൂരിരംഗന്‍ സമിതി സ്വീകരിച്ചത്. ഇതിനുശേഷം സമാനമായ പരിസ്ഥിതി സവിശേഷതകളുള്ള ഗൂണ്ടിയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് അതിരപ്പിള്ളിക്ക് കേരളം വീണ്ടും അനുമതി തേടിയത്.
നിശ്ചിത അളവില്‍ മാത്രമേ പദ്ധതിക്കായി വെള്ളം എടുക്കാവൂ, പദ്ധതി നടപ്പാക്കുന്നത് വഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി നശിക്കുന്നില്ല, രാത്രി ഏഴു മണിക്ക് ശേഷമെ പദ്ധതിക്ക് ആവശ്യമായ വെള്ളം എടുക്കാവൂ തുടങ്ങിയ നിബന്ധനകളാണ് റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിട്ടുള്ളത്. കൂടാതെ, 2010ല്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കാന്‍ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പദ്ധതിക്കുവേണ്ട ജലലഭ്യതയും നീരൊഴുക്കും ചാലക്കുടിപ്പുഴയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 21ന് കേന്ദ്ര ജല കമീഷന്‍ അനുകൂല റിപ്പോര്‍ട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നു. 2013 വരെയുള്ള ജലലഭ്യതയുടെയും നീരൊഴുക്കിന്റെയും കണക്കാണ് ജല കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ചാലക്കുടിപ്പുഴയില്‍ 1055 ദശലക്ഷം ഘനയടി ജലലഭ്യതയുണ്ട്. വേനലിലും ആവശ്യത്തിന് ജലം ലഭിക്കുകയും ആവശ്യം കഴിഞ്ഞ് നീരൊഴുക്ക് ഉണ്ടാകുകയും ചെയ്യും. ജലകമീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 7.56 ക്യുബിക് മീറ്റര്‍ ജലം അതിരപ്പിള്ളിയില്‍ ഒഴുകിയെ ത്തുന്നുണ്ട്. വൈദ്യുതി ഉല്‍പാദനത്തിന് 6.25 ക്യുബിക് മീറ്റര്‍ ജലം മതിയെന്നാണ് റിപ്പോര്‍ട്ട്.