കൊല്ലം: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് ഏഴ് വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും കൊല്ലം ഫസ്റ്റ് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്. ശാന്തകുമാരി ശിക്ഷിച്ചു. ശക്തികുളങ്ങര കന്നിമേല്‍ ഐശ്വര്യ നഗറില്‍ ആയിത്തറ പടിഞ്ഞറ്റതില്‍ രാജുവാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2013 ജൂണിലാണ് സംഭവം . ഭാര്യയുമായി പിണങ്ങി വര്‍ഷങ്ങളായി വേറിട്ട് താമസിക്കുകയിരുന്നു പ്രതി. അമ്മയോടൊപ്പം താമസിച്ചുവന്ന മകള്‍ അമ്മയുമായി പിണങ്ങി പിതാവിന്റെ സംരക്ഷണയില്‍ എത്തിയപ്പോഴായിരുന്നു പീഡനം . മകളെ തടഞ്ഞുവച്ചും ഭീക്ഷണിപ്പെടുത്തിയും മാസങ്ങളോളം ലൈംഗിക അതിക്രമം തുടര്‍ന്നു. ഒടുവില്‍ അസുഖത്തെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. അമ്മയും ബന്ധുക്കളം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പൊലീസ് കേസ് എടുത്തത്. അസുഖം മൂലം ഭാര്യാസഹോദരിയുടെ വീട്ടിലാക്കിയിരുന്ന മകളെ കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ പിടികൂടി ഇയാളെ പൊലീസില്‍ ഏല്പിച്ചത്. പ്രതി കുറ്റം നിഷേധിച്ചെങ്കിലും ഡി.എന്‍.എ.ടെസ്റ്റ് അടക്കം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതിയുടെ വാദമൊന്നും കോടതിയില്‍ വിലപ്പോയില്ല. ഡി.എന്‍.എ പരിശോധനയില്‍ രാജുവാണ് മകളെ പീഡിപ്പിച്ചതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞത് തന്നെയാണ് നിര്‍ണ്ണായകമായത്. പ്രോസിക്യൂഷനുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ ആല്‍ബര്‍ട്ട് പി. നെറ്റോ ഹാജരായി.