കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ മനസില്‍ രണ്ടേ രണ്ടു കാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ; ഗ്രീസും ചൈനയും. ഏതാനും ആഴ്ചകള്‍ക്കിടെ ചൈനീസ് വിപണിയില്‍ 30 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. യൂറോപ്യന്‍, അമേരിക്കന്‍ വിപണികള്‍ വലിയ ചാഞ്ചാട്ടത്തിന്റെ പിടിയിലുമായി. ഈ ആഴ്ചകളിലെ ഇന്ത്യന്‍ ഓഹരി വിപണികള്‍ നിരീക്ഷിക്കുന്നവര്‍ക്ക് രാജ്യാന്തര വിപണികളിലെ ഈ കോലാഹലങ്ങള്‍ അത്ര കണ്ട് ഇന്ത്യന്‍ വിപണിയെ പിടിച്ചുലച്ചിട്ടില്ലെന്ന് കാണാന്‍ സാധിക്കും. ഇന്ത്യന്‍ വിപണികള്‍ കരുത്തുറ്റതാണ്. യഥാര്‍ത്ഥത്തില്‍ സെന്‍സെക്‌സിന് പുറത്തുള്ള പല സ്റ്റോക്കുകളും ഇക്കാലയളവില്‍ മികച്ച നേട്ടം കൊയ്യുകയും ചെയ്തു.
സ്മാര്‍ട്ടായ വാല്യു നിക്ഷേപകര്‍ ഗ്രീസിലെയും ചൈനയിലെയും സംഭവവികാസങ്ങളില്‍ ആശങ്കാകുലരാകേണ്ടെന്നും ഇത്തരം സംഗതികള്‍ ഭൂരിഭാഗം ഇന്ത്യന്‍ കമ്പനികളുടെയും ഫണ്ടമെന്റല്‍സിനെ പ്രതികൂലമായി ബാധിക്കില്ലെന്നും കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങള്‍കൊണ്ടുണ്ടായ ഏറ്റവും വലിയ മാറ്റം, ഇന്ത്യയുടെ മതിപ്പ് കൂറെക്കൂടി മെച്ചപ്പെട്ടു എന്നതാണ്. ഒരുപക്ഷേ ഇന്നത്തെ ഏറ്റവും സ്ഥിരതയാര്‍ജിച്ച വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. നമ്മുടേത് കൃത്യമായ നിയന്ത്രണമുള്ള കരുത്തുറ്റ സ്റ്റോക്ക് മാര്‍ക്കറ്റാണ്. ഇക്കാര്യത്തില്‍ എല്ലാ ക്രെഡിറ്റും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും സെബിയ്ക്കുമാണ്. നമ്മുടെ വിപണി എപ്പോഴും യാഥാസ്ത്ഥികത മുറുകെ
പിടിച്ചാണ് സഞ്ചരിക്കാറ്. അതിന്റെ മെച്ചമാണ് ഇപ്പോഴുള്ളത്. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അങ്ങേയറ്റം ചട്ടവിധേയമാണ്. എന്നാല്‍ ചൈനയിലാകട്ടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിപണിയെ ഉത്തേജിപ്പിക്കുന്ന വിധത്തിലുള്ള പ്രസ്താവനകളിലൂടെ വിപണിയെ കൃത്രിമമായി ഉയര്‍ത്തി നിര്‍ത്തുകയായിരുന്നു. ഗ്രീസ്, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളുടെ ബാലന്‍സ് ഷീറ്റിലൂടെ കണ്ണോടിക്കുമ്പോള്‍ യൂറോപ്പിന്റെ ദയനീയ സ്ഥിതി വെളിവാകും. ദശകങ്ങളായി ഈ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി കുത്തഴിഞ്ഞ സ്ഥിതിയിലാണ്. ഗ്രീസിലെ പെന്‍ഷന്‍ സംവിധാനം അമ്പരപ്പിക്കുന്നതാണ്. ഗ്രീസ് പെന്‍ഷനു മാത്രമായി ചെലവാക്കുന്നത്, ജിഡിപിയുടെ 16 ശതമാനമാണ്‍ അവിടുത്തെ റിട്ടയര്‍മെന്റ് പ്രായം പുരുഷന്മാരുടേത് 55 ഉം സ്ത്രീകളുടേത് 50മാണ്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്ഥിരസ്വഭാവത്തോടെ വളരുകയാണ്. സാമ്പത്തിക വളര്‍ച്ചയുടെ മികച്ച ഒരു സൂചകമായ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റും വര്‍ധിച്ചുവരുന്നു. മറ്റ് പ്രമുഖ സമ്പദ് വ്യവസ്ഥകളിലെ വിപണി ചാഞ്ചാട്ടങ്ങള്‍ക്കും വീണ്ടും ഉയര്‍ന്നു വരുന്ന സാമ്പത്തിക ആശങ്കകള്‍ക്കും ശേഷം ഇന്ത്യന്‍ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിച്ചിട്ടേ ഉള്ളൂ. ഇതുകൊണ്ട് വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കാനാണ് സാധ്യത.
സ്മാര്‍ട്ട് നിക്ഷേപകര്‍ക്കു മുന്നില്‍ മികച്ച സാധ്യതയോടെ തുടരുകയാണ് ഇന്ത്യന്‍ വിപണി. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഉലയാതെ നില്‍ക്കുന്ന ഇന്ത്യന്‍ വിപണിയുടെ കരുത്ത് ഓഹരി നിക്ഷേപകരുടെ വിശ്വാസം ദൃഢമാക്കേണ്ടതാണ്.
stock SCAN
ടാറ്റാ ഗ്ലോബല്‍ ബെവറിജ്‌സ്
Tata Global Beverages Ltd @ Rs 130
ആഭ്യന്തര തേയില ഉല്‍പ്പാദകര്‍ എന്ന തലത്തില്‍ നിന്ന് രാജ്യാന്തര ബെവ്‌റിജ്‌സ് ഭീമന്‍ എന്ന തലത്തിലേക്ക് ടാറ്റ ഗ്ലോബല്‍ ബെവറിജ്‌സ് ലിമിറ്റഡ് (TGBL) വളര്‍ന്നിട്ട് ഒരു ദശകത്തില്‍ താഴെ കാലമാകുന്നതേയുള്ളൂ. ഇപ്പോളത് കോഫി, വാട്ടര്‍ സെഗ്‌മെന്റില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയായി വളര്‍ന്നു കഴിഞ്ഞു. ടാറ്റാ റ്റീ, ടെറ്റ്‌ലി, ഹിമാലയന്‍, ഗ്രാന്‍ഡ് കോഫി, എയ്റ്റ് ഓ ക്ലോക്ക് കോഫി തുടങ്ങിയ ശക്തമായ ബ്രാന്‍ഡുകളുമായി 40 രാജ്യങ്ങളില്‍ സാന്നിധ്യമുറപ്പിക്കാന്‍ കഴിഞ്ഞു ടാറ്റാ ഗ്ലോബല്‍ ബെവറിജ്‌സിന്. ഇന്ത്യന്‍ തേയില വിപണിയുടെ മുന്‍നിരയില്‍ നില്‍ക്കുന്നതോടൊപ്പം ഉയര്‍ന്ന മാര്‍ജിനുള്ള ഗ്രീന്‍ ടീ ബിസിനസിലും ടാറ്റ ശക്തിയാര്‍ജിക്കുകയാണ്. അമേരിക്കയിലെ സ്റ്റാര്‍ബക്‌സ് കോഫിയും ടാറ്റയും 50:50 ഓഹരി കൂട്ടുപങ്കാളിത്തത്തിലുള്ള ടാറ്റ സ്റ്റാര്‍ബക്‌സ് മികച്ച ഗതിവേഗത്തോടെ ഇന്ത്യന്‍ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ്. 2013ല്‍ ഒന്‍പത് റീട്ടെയ്ല്‍ സ്റ്റോറുകളാണ് ഇതിനുണ്ടായിരുന്നതെങ്കില്‍ ഇന്ന് ആറ് നഗരങ്ങളിലായി 72 സ്‌റ്റോറുകളുണ്ട്. പെപ്‌സികോയുമായി ചേര്‍ന്ന് ന്യൂട്രിയന്റ് വാട്ടര്‍ ബിസിനസില്‍ നറിഷ്‌കോ എന്ന ജോയിന്റ് വെഞ്ച്വറും ടിജിബിഎല്ലിനുണ്ട്.
ടിജിബിഎല്ലിന്റെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളവും വിദേശത്തുനിന്നാണ്. 20142015 ല്‍ 8000 കോടി രൂപ വിറ്റുവരവും 322 കോടി രൂപ ലാഭവും നേടാനായി. വരുമാനത്തിന്റെ 73 ശതമാനവും തേയില വ്യവസായത്തില്‍ നിന്നാണ്. കോഫിയില്‍ നിന്ന് 25 ശതമാനവും വെള്ളത്തില്‍ നിന്ന് രണ്ട് ശതമാനവുമാണ് വരുമാനവിഹിതമെങ്കിലും ഇവ ഉയര്‍ച്ചയുടെ പാതയിലാണ്. ഇന്ത്യയ്ക്ക് പുറമെ തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് സ്റ്റാര്‍ബക്ക്‌സ് ടിജിബിഎല്ലില്‍ നിന്ന് കോഫി ശേഖരിക്കുന്നത്. കമ്പനി വാട്ടര്‍ സെഗ്‌മെന്റില്‍ പ്രാതിനിധ്യം ഉയര്‍ത്തുന്നുണ്ട്.
ടാറ്റയുടെ മാനേജ്‌മെന്റില്‍ എനിക്കത്ര മതിപ്പില്ലെങ്കിലും കണ്‍സോളിഡേഷന്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം വളര്‍ച്ചയ്ക്കായി സാധ്യത ഏറെയാണ്. ലോകത്താകമാനമായി ഒരു ദിവസം ടിജിബിഎല്ലിന്റെ വിവിധ ബ്രാന്‍ഡുകളുടെ 25 കോടിയോളം സെര്‍വുകള്‍ നടക്കുന്നുണ്ട്. ഓരോ സെര്‍വില്‍ നിന്നും ലഭിക്കുന്ന ഏകദേശ ലാഭം രണ്ട് പൈസയാണ്. അതേസമയം കൊക്കോകോള പ്രതിദിനം 190 കോടി സെര്‍വുകള്‍ നേടുന്നു. ഒരു സെര്‍വില്‍ നിന്ന് അവരുടെ ലാഭം 50 പൈസയും! ടിജിബിഎല്‍ അവരുടെ ഓരോ സെര്‍വില്‍ നിന്നുള്ള ലാഭം അഞ്ച് പൈസയോ അല്ലെങ്കില്‍ പത്ത് പൈസയോ ആക്കി ഉയര്‍ത്തിയാല്‍ കമ്പനിയുടെ ലാഭം കുതിച്ചു കയറും.
കടപ്പാട് ധനം