കൊച്ചി: ആനവേട്ട കേസിലെ പ്രതികള്‍ക്ക് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം. കേരള പോലീസിനെ പോലും വെല്ലുന്ന തരത്തിലാണ് വനപാലകര്‍ കാട്ടുനീതി നടപ്പാക്കിയിരിക്കുന്നത്. ആനവേട്ടക്കേസിലെ പന്ത്രണ്ടാം പ്രതി അജി ബ്രൈറ്റിന്റെ വാരിയെല്ലുകള്‍ മൂന്നെണ്ണം പൊട്ടിയതായാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കൂടെയുള്ള മറ്റ് മൂന്ന് പ്രതികളുടെ കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആനവേട്ട കേസ് അന്വേഷണ സംഘം മൂന്നാംമുറ ഉപയോഗിച്ച് പീഡിപ്പിക്കുന്നുവെന്ന പരാതികളാണ് ഈ വാര്‍ത്തയിലൂടെ സ്ഥിരീകരിക്കപ്പെടുന്നത്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അജി ബ്രൈറ്റിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, ഇരുമ്പുകമ്പിയില്‍ തുണിചുറ്റിയും ഇരുമ്പുകട്ടികള്‍ തോര്‍ത്തില്‍ പൊതിഞ്ഞും അടിച്ചതാണെന്ന് ഡോക്ടറോട് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
13ാം പ്രതി പ്രിസ്റ്റന്‍ സില്‍വയുടെ കാലില്‍ ഇരുകാലുകളും ചേര്‍ത്തുവച്ച് ലാത്തികൊണ്ടുരുട്ടിയെന്നാണ് പറയുന്നത്. മുട്ടുമുതല്‍ താഴേക്ക് നീളത്തില്‍ തൊലി ഇളകിപ്പോയത് ഉണങ്ങിവരുന്നതേയുള്ളു.
30ാം പ്രതി സുകുമാരനെന്ന സുകുവിന് സാരമായി പരുക്കേറ്റിട്ടും ചികില്‍സയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് പേരിനൊരു പരിശോധന നടത്തിച്ച് മൂവാറ്റുപുഴ ജയിലിലേക്ക് തിരിച്ചയക്കുന്ന ദൃശ്യവും മനോരമ സംഘം പുറത്ത് വിട്ടിട്ടുണ്ട്. ചോദ്യംചെയ്യലിനിടെ കാലില്‍ ഉദ്യോഗസ്ഥര്‍ ചുറ്റികക്ക് അടിച്ചുവെന്നാണ് പരാതി.
ആത്മഹത്യ ചെയ്ത പ്രതി ഐക്കരമറ്റം വാസുവിനെ ജോലിക്കുനിര്‍ത്തിയ തോട്ടമുടമ മനോജിനെയും കുഴഞ്ഞുവീഴുന്ന സ്ഥിതിയിലാണ് കോടതിയില്‍ എത്തിച്ചത്. മനോജിനും കാലിലെ അസ്ഥിക്കാണ് പൊട്ടല്‍. ഇതൊക്കെയാണെങ്കിലും മനോജ് അടക്കമുള്ളവര്‍ കോടതിയില്‍ പരാതി പറഞ്ഞില്ല എന്നതാണ് ഉദ്യോഗസ്ഥരുടെ ന്യായം. ഇത് ഭീഷണി മൂലമെന്നാണ് സൂചന.
വനംവകുപ്പിന്റെ ചരിത്രത്തിലെ വലിയ കേസുകളിലൊന്നായി ആനവേട്ടക്കേസ് മാറിക്കഴിഞ്ഞു. നാല്‍പതോളം പ്രതികളും പിടിയിലായി. എന്നാല്‍ ഇതിന് തക്കവിധം പരിചയസമ്പത്തില്ലാത്ത വനം ഉദ്യോഗസ്ഥര്‍, പ്രാകൃത മൂന്നാംമുറ പ്രയോഗിക്കുന്നതായി ആദ്യം മുതല്‍ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.
പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വനംമന്ത്രി തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.